ഉത്തർപ്രദേശിൽ കോവിഡ് പരിശോധനകൾ കുറവെന്ന് റിപ്പോർട്ട് ; വാരാണസിയിലും ലഖ്​നോവിലും സ്ഥിതി ഗുരുതരം

ഉത്തർപ്രദേശിൽ കോവിഡ് പരിശോധനകൾ കുറവെന്ന് റിപ്പോർട്ട് ; വാരാണസിയിലും ലഖ്​നോവിലും സ്ഥിതി ഗുരുതരം

ലഖ്​നോ: രാജ്യത്ത്​ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ്​ ഉത്തർപ്രദേശ്​. ഏപ്രിൽ 21 മുതൽ 27 വരെയുള്ള കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട്​ ചെയ്യുന്ന 10 സംസ്​ഥാനങ്ങളിലൊന്നാണ്​​ ഉത്തർപ്രദേശ്. ഈയിടെയായി 34,000 ത്തിലേറെയായിരുന്നു പ്രതിദിനം റിപ്പോർട്ട്​ ചെയ്യുന്ന കേസുകളുടെ എണ്ണം. പോസിറ്റിവിറ്റി നിരക്ക്​ ശരാശരി 16.7 ശതമാനവും.

യോഗി ​ സർക്കാറിന്‍റെ കണക്കുകൾ പ്രകാരം ദിവസേന 2.25ലക്ഷം മുതൽ 2.35 ലക്ഷം വരെ പരിശോധനകൾ നടക്കുന്നുണ്ടെന്നാണ്​ റിപ്പോർട്ടുകൾ.​ എന്നാൽ യഥാർഥ കണക്കുകളിൽ ഇത്​ ദേശീയ ശരാശരിയേക്കാൾ താഴെയാ​ണെന്നാണ്​ വസ്​തുത. കോവിഡ്​ ബാധ ഏറ്റവും രൂക്ഷമായത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്​സഭ മണ്ഡലമായ വാരാണസിയും സംസ്​ഥാന തലസ്​ഥാനമായ ലഖ്​നോവിലുമാണ് .

അസൗകര്യങ്ങൾ മൂലമാണ് ഇവിടങ്ങളിൽ പരിശോധനക്ക്​ ദിവസങ്ങൾ എടുക്കുന്നത് . തുടർന്ന് വൈകിയാണ് ഫലം പുറത്തറിയുക.ഏപ്രിൽ 27ന്​ ദേ​ശീയ ശരാശരിയായ 21 ശതമാനത്തിനോട്​ താരതമ്യപ്പെടുത്തുമ്പോൾ വാരാണസിയിലെ പോസിറ്റിവിറ്റി നിരക്ക്​ 40 ശതമാനമാണ്​. ഏപ്രിൽ 25ന്​ പോസിറ്റിവിറ്റി നിരക്ക്​ 50 ശതമാനം കടന്നിരുന്നു .

ഏപ്രിൽ 12 മുതൽ ലഖ്​നോവിലെ കോവിഡ്​ പരിശോധനകളുടെ എണ്ണം പുറത്തുവിടുന്നില്ല. ചീഫ്​ മെഡിക്കൽ ഓഫിസറുടെ നിർദേശ പ്രകാരമാണ്​ നടപടി. വാരാണസിയിലും ലഖ്​നോവിലും പരിശോധന മന്ദഗതിയിലാക്കാൻ ചില സ്വകാര്യ ലാബുകൾക്ക്​ സർക്കാർ നിർദേശം നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പരിശോധന കിറ്റുകളുടെ ക്ഷാമമാണ്​ ഇതിന്​ കാരണമെന്ന്​ വ്യക്തമാക്കണമെന്നായിരുന്നു
അധികൃതരുടെ വിശദീകരണം.

അതേസമയം ഈ ആരോപണം വാരാണസി സി.എം.ഒ ഡോ. എസ്​.എസ്​. കനോജിയ നിഷേധിച്ചു. പരിശോധനകൾ മന്ദഗതിയിലാണെന്നും പരിശോധനകളുടെ എണ്ണം ഉയർത്താൻ അവർ ശ്രമിക്കു​ന്നുണ്ടെന്നുമായിരുന്നു മറുപടി .

മറ്റിടങ്ങളെ അപേക്ഷിച്ച്​ വാരാണസിയിൽ വളരെ കുറവ്​ പരിശോധനകൾ നടക്കുന്നുള്ളുവെന്നാണ്​ കണക്കുകൾ സൂചിപ്പിക്കുന്നത്​. ഏപ്രിൽ 20ന്​ 3782 ആർ.ടി.പി.സി.ആർ പരിശോധനകളും ഏപ്രിൽ 21ന്​ 4516 പരിശോധനകളുമാണ്​ നടത്തിയതെന്നാണ്​ കണക്കുകൾ. ഏപ്രിൽ 22ന്​ 3782, 23ന്​ 3690, 24ന്​ 3860, 25ന്​ 2323, 26ന്​ 3067, 27ന്​ 2817 എന്നിങ്ങനെയാണ്​ പരിശോധനകളുടെ എണ്ണം. എന്നാൽ ഇവി​ടത്തെ പോസിറ്റീവായവരുടെ എണ്ണo ഏപ്രിൽ 20ന്​ 1637, 21ന്​ 2562, 22ന്​ 1815, ഏപ്രിൽ 23ന്​ 1485, 24ന്​ 2796, 25ന്​ 2057, 26ന്​ 1840, 27ന്​ 1752 എന്നിങ്ങനെയായിരുന്നു.ലഖ്​നോവിലും സമാന സ്​ഥിതിയാണ്​ നേരിടുന്നത്.

അതെ സമയം ജില്ലയിൽ പരിശോധനകളുടെ എണ്ണം വളരെ കുറവാണെന്നും ജീവനക്കാരുടെയും പരിശോധന കിറ്റുകളുടെ അഭാവവുമാണ്​ ഇതിന്​ കാരണമെന്നാണ്​ അധികൃതരുടെ വിശദീകരണം .

Leave A Reply
error: Content is protected !!