‘കൊവാക്‌സിന്‍’ വിദേശത്ത് നിർമ്മിക്കാൻ സാധ്യത തേടി കേന്ദ്രസർക്കാർ

‘കൊവാക്‌സിന്‍’ വിദേശത്ത് നിർമ്മിക്കാൻ സാധ്യത തേടി കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: ഇന്ത്യയിൽ കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ കടുത്ത പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെ ഭാരത് ബയോടെകിന്റെ ‘കോവാക്‌സിന്‍’ വിദേശത്ത് ഉത്പാദിക്കുന്നതിനുള്ള സാധ്യതകള്‍ തേടി കേന്ദ്ര സര്‍ക്കാര്‍. വാണിജ്യ സ്ഥാപനങ്ങള്‍ തമ്മിലുള്ള സാങ്കേതിക കൈമാറ്റത്തിലൂടെ വിദേശത്ത് ഉത്പാദിപ്പിക്കുന്നതിനുള്ള സാധ്യതയാണ് അന്വേഷിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

‘വൈറസിന് വകഭേദം ഉണ്ടായത് മൂലമുള്ള വ്യാപനം കണക്കിലെടുത്ത് കോവിഡ് വാക്‌സിനുകള്‍ കൂടുതൽ ആവശ്യമായി വരുന്നുണ്ട്. അതിനാൽ താത്പര്യമുള്ള ഏതെങ്കിലും വിദേശ രാജ്യങ്ങള്‍ക്ക് കോവാക്‌സിന്‍ ഉത്പാദിപ്പിക്കാനായി അവസരം നൽകാൻ ഞങ്ങള്‍ തീരുമാനിച്ചു. വാണിജ്യ സ്ഥാപനങ്ങള്‍ തമ്മിലുള്ള സാങ്കേതിക കൈമാറ്റത്തിലൂടെയാണ് ഉത്പാദനം നടക്കുക’ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇതിന് വേണ്ടിയുള്ള നിബന്ധനകളും വ്യവസ്ഥകളും ഭാരത് ബയോടെകാണ് അന്തിമമാക്കേണ്ടതെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

ഭാവിയില്‍ ഏത് ഇന്ത്യന്‍ വാക്‌സിന്റെ ഉത്പാദനത്തിനും ഇത്തരത്തിലുള്ള നീക്കമുണ്ടാകുമെന്നും ഉത്പാദനത്തിനായി താത്പര്യമുള്ള രാജ്യങ്ങളെ തേടുന്നതിനായി വിദേശത്തെ നിയുക്ത പ്രതിനിധികളുമായി വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു .

രാജ്യത്ത് കോവിഡ് വ്യാപനവും മരണവും കുത്തനെ ഉയരുകയും വാക്‌സിന്‍ ദൗര്‍ലഭ്യം നേരിടുകയും ചെയ്യുന്നതിനിടയിലാണ് കേന്ദ്ര സർക്കാരിന്റെ നിര്‍ണായക നീക്കം. കോവിഷീല്‍ഡ് നിര്‍മിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെകിനും 4500 കോടി രൂപയുടെ അഡ്വാന്‍സ് നല്‍കാന്‍ കഴിഞ്ഞ ആഴ്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഐസിഎംആറുമായി ചേര്‍ന്നാണ് ഭാരത് ബയോടെക് ‘ കോവാക്‌സിന്‍’ ഉത്പാദിപ്പിച്ചെടുത്തത്. കോവിഡ് വൈറസിനെതിരെ 78 ശതമാനവും ഗുരുതര കോവിഡ് രോഗബാധക്കെതിരെ 100 ശതമാനവും ഫലപ്രാപ്തി കോവാക്സിൻ നൽകിയിട്ടുണ്ട് .

Leave A Reply
error: Content is protected !!