കര്‍ണാടക നഗരതദ്ദേശ തെരഞ്ഞെടുപ്പ്: പത്തിൽ ഏഴിടത്ത് കോൺഗ്രസിന് വിജയം , ഒരിടത്ത് മാത്രം ബി.ജെ.പി

കര്‍ണാടക നഗരതദ്ദേശ തെരഞ്ഞെടുപ്പ്: പത്തിൽ ഏഴിടത്ത് കോൺഗ്രസിന് വിജയം , ഒരിടത്ത് മാത്രം ബി.ജെ.പി

ബെംഗളൂരു : കർണാടകത്തിൽ നഗര തദ്ദേശ സ്ഥാപനങ്ങളിലേക്ക് (യു.എൽ.ബി.) നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ തിരിച്ചടി നൽകിക്കൊണ്ട് കോൺഗ്രസിന് മികച്ച മുന്നേറ്റം. പത്തിടങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ ഏഴിടത്ത് കോൺഗ്രസ് മുന്നേറ്റം നടത്തി . ആറിടത്ത് കോൺഗ്രസ് ഭൂരിപക്ഷം നേടി. ഒരിടത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എന്നാൽ രണ്ടിടത്ത് ജെ.ഡി.എസ്. വിജയിച്ചു. ഒരിടത്തുമാത്രമാണ് ബി.ജെ.പി.ക്ക്‌ വിജയിക്കാനായത്.

മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയെ സമ്മർദ്ദത്തിലാക്കി അദ്ദേഹത്തിന്റെ തട്ടകമായ ശിവമോഗയിൽ തിരഞ്ഞെടുപ്പു നടന്ന ഭദ്രാവതി സിറ്റി മുനിസിപ്പാലിറ്റിയും തീർഥഹള്ളി ടൗൺ പഞ്ചായത്തും കോൺഗ്രസ് സ്വന്തമാക്കി. അതെ സമയം രണ്ടര പതിറ്റാണ്ടിനുശേഷമാണ് തീർഥഹള്ളി ബി.ജെ.പി.ക്ക്‌ നഷ്ടപ്പെടുന്നത്.

ബല്ലാരി മുനിസിപ്പൽ കൗൺസിൽ, രാമനഗര സിറ്റി മുനിസിപ്പൽ കൗൺസിൽ, ബേലൂർ ടൗൺ മുനിസിപ്പൽ കൗൺസിൽ, ഗുഡിബന്ദെ ടൗൺ പഞ്ചായത്ത് എന്നിവിടങ്ങളിലും കോൺഗ്രസ് ഭൂരിപക്ഷം നേടി. ബീദർ സിറ്റി മുനിസിപ്പൽ കൗൺസിലിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.

വിജയപുര ടൗൺ മുനിസിപ്പൽ കൗൺസിൽ , ചന്നപട്ടണ സിറ്റി മുനിസിപ്പൽ കൗൺസിൽ എന്നിവയാണ് ജെ.ഡി.എസ്. സ്വന്തമാക്കിയത്. മടിക്കേരി ടൗൺ മുനിസിപ്പൽ കൗൺസിൽ മാത്രമാണ് ബി.ജെ.പി.ക്കൊപ്പം നിന്നത്.

സംസ്ഥാനത്തെ ബി.ജെ.പി. സർക്കാരിന്റെ പ്രവർത്തനങ്ങളാണ് കോൺഗ്രസിൽ ജനങ്ങളുടെ വിശ്വാസത്തെ തിരിച്ചുകൊണ്ടുവന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാർ പറഞ്ഞു. കോൺഗ്രസിന്റെ പ്രകടനം പ്രതീക്ഷയ്ക്കപ്പുറത്തെത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു .

Leave A Reply
error: Content is protected !!