കോവിഡ് പ്രതിരോധം; മാനദണ്ഡം പാലിക്കാത്ത സ്വകാര്യ ധനകാര്യ സ്ഥാപനം അടപ്പിച്ചു

കോവിഡ് പ്രതിരോധം; മാനദണ്ഡം പാലിക്കാത്ത സ്വകാര്യ ധനകാര്യ സ്ഥാപനം അടപ്പിച്ചു

കൊല്ലം: കോവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ ചാത്തന്നൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനം അടപ്പിച്ച് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. മേഖലയില്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ടി. നാരായണനൊപ്പം നടത്തിയ പരിശോധനയ്ക്കിടെയാണ് സന്ദര്‍ശക രജിസ്റ്റര്‍ സൂക്ഷിക്കാതെ പ്രവര്‍ത്തിച്ചതിന് നടപടി സ്വീകരിച്ചത്. രണ്ടു ദിവസത്തിന് ശേഷം സ്ഥിതിഗതി വിലയിരുത്തി മാത്രം പ്രവര്‍ത്തനാനുമതി നല്‍കുമെന്ന് കലക്ടര്‍ അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പും താക്കീതും നല്‍കിയിട്ടും ഗൗരവം ഉള്‍ക്കൊള്ളാത്ത സ്ഥാപനങ്ങള്‍ക്ക് നേരെ തുടര്‍ന്നും കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം.

ചാത്തന്നൂര്‍ ചന്ത, മത്സ്യമാര്‍ക്കറ്റ്, വിവിധ വ്യാപാര സ്ഥാപനങ്ങള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ വസ്ത്രശാലകള്‍, ബേക്കറികള്‍, റസ്റ്റോറന്റ്കള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി.പല വ്യാപാര സ്ഥാപനങ്ങളിലും പ്രവേശന കവാടത്തില്‍ മാത്രമാണ് സാനിറ്റൈസര്‍ ഉണ്ടായിരുന്നത്. വിശാലമായ കച്ചവട സ്ഥലം ഉള്ള സ്ഥാപനങ്ങളില്‍ നിശ്ചിത ഇടങ്ങളിലായി സംവിധാനം ഒരുക്കാനാണ് നിര്‍ദ്ദേശം. പലയിടത്തും സന്ദര്‍ശക രജിസ്റ്ററുകള്‍ അപൂര്‍ണ്ണമെന്നും കണ്ടെത്തി. കോവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ അപാകതകള്‍ അനുവദിക്കില്ലെന്ന് കലക്ടര്‍ വ്യക്തമാക്കി.

Leave A Reply
error: Content is protected !!