അഭിമന്യു വധം: സംഭവസ്ഥലത്ത് നിന്ന് കഠാര കണ്ടെടുത്തു

അഭിമന്യു വധം: സംഭവസ്ഥലത്ത് നിന്ന് കഠാര കണ്ടെടുത്തു

ആലപ്പുഴ: വള്ളികുന്നം സ്വദേശി പതിനഞ്ചു വയസ്സുകാരൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ തെളിവുകൾ. പ്രതികളുമായി പോലീസ് സംഭവസ്ഥലത്ത് നടത്തിയ തെളിവെടുപ്പിൽ അഭിമന്യുവിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെടുത്തു.

കേസിലെ മുഖ്യപ്രതിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ സജയ് ജിത്ത്, കൂട്ടുപ്രതി ജിഷ്ണു എന്നിവരുമായാണ് പോലീസ് സംഘം തെളിവെടുപ്പ് നടത്തിയത്.

പടയണിവെട്ടം ക്ഷേത്രത്തിന് കിഴക്കുഭാഗത്തെ മൈതാനത്തിന് സമീപത്തുള്ള കുറ്റിക്കാട്ടില്‍നിന്നാണ് കൊലപ്പെടുത്താന്‍ ഉപയോഗിച്ച കഠാര കണ്ടെത്തിയത്. ആയുധം ഇവിടെ ഉപേക്ഷിച്ചെന്ന് പ്രതി നേരത്തെ മൊഴി നല്‍കിയിരുന്നു. പരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ അഭിമന്യുവിനെ കുത്തിവീഴ്ത്തിയ സ്ഥലം മുഖ്യപ്രതി സജയ് ജിത്ത് പോലീസിനെ ചൂണ്ടിക്കാണിച്ചു.

കേസില്‍ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്ന ഒരാളെ പോലീസ് വിട്ടയച്ചു. മറ്റൊരാളെ ഇന്ന് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രണവ് എന്ന യുവാവാണ് കസ്റ്റഡിയിലുള്ളത്. ഇയാള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്നത് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

സജയ് ജിത്തിനെയും ജിഷ്ണുവിനെയും ചോദ്യംചെയ്തതോടെ നിര്‍ണായക വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. അഭിമന്യുവിന്റെ സഹോദരനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ അനന്തുവുമായുള്ള മുന്‍വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രതികളുടെ മൊഴി. അനന്തുവിനെ ലക്ഷ്യമിട്ടാണ് അക്രമിസംഘം ഉത്സവസ്ഥലത്ത് എത്തിയത്. തുടര്‍ന്ന് വാക്കേറ്റമുണ്ടായി. ഇതിനിടെയാണ് അഭിമന്യുവിനെ കഠാര കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്.

Leave A Reply
error: Content is protected !!