ഗർഭിണിയായ മകളെ വെടിവെച്ച് കൊന്ന പിതാവ് അറസ്റ്റിൽ

ഗർഭിണിയായ മകളെ വെടിവെച്ച് കൊന്ന പിതാവ് അറസ്റ്റിൽ

കൃഷ്ണഗിരി: വീട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട കലഹത്തിനിടെ പിതാവ് ഗർഭിണിയായ മകളെ വെടിവെച്ച് കൊന്നു. നാലു മാസം ഗർഭിണിയായ വെങ്കിടാലക്ഷ്മി എന്ന യുവതിയാണ് വെടിയേറ്റ് മരിച്ചത്. ഇവരുടെ വയറിലാണ് വെടിയേറ്റത് . സംഭവത്തിൽ പിതാവ് അരുണാചലത്തെ പൊലീസ് അറസ്റ്റ് ചെയ്തു.

കൃഷ്ണഗിരി തേൻകനികോട്ടയിലാണ് സംഭവം. മാസങ്ങൾക്ക് മുമ്പാണ് വെങ്കിടാലക്ഷ്മിയുടെ വിവാഹം കഴിഞ്ഞത്. അരുണാചലത്തിൻെറ എതിർപ്പിനിടെയായിരുന്നു സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ യുവാവിനെ അമ്മാവൻെറയും മറ്റു കുടുംബാംഗങ്ങളുടെയും പിന്തുണയോടെ വെങ്കിടാലക്ഷ്മി വിവാഹം ചെയ്തത്. ഇതേ തുടർന്ന് വീട്ടിൽ തർക്കം പതിവായിരുന്നു.

രണ്ടാഴ്ച മുമ്പാണ് വെങ്കിടാലക്ഷ്മി സ്വന്തം വീട്ടിൽ തിരിച്ചെത്തിയത്. കഴിഞ്ഞ ദിവസം മകളുടെ വിവാഹത്തിൻെറ പേരിൽ തർക്കം ഉടലെടുക്കുകയും അരുണാചലം ഭാര്യയെ മർദിക്കുകയും ചെയ്തു. മർദിക്കുന്നതിനിടെ വീട്ടിലുണ്ടായിരുന്ന നാടൻ തോക്കെടുത്ത് ഭാര്യക്ക് നേരെ ചൂണ്ടി. ഈ സമയം അമ്മയെ രക്ഷിക്കാൻ വെങ്കിടാലക്ഷ്മി ശ്രമിച്ചപ്പോൾ അരുണാചലം നിറയൊഴിക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് നിലവിളി കേട്ടെത്തിയ പ്രദേശിവാസികൾ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. തുടർന്ന് അരുണാചലം ഒളിവിൽ പോയി. എന്നാൽ, മണിക്കൂറുകൾക്കകം കൃഷ്ണഗിരി അതിർത്തിയിലെ ഫാം ഹൗസിൽ നിന്ന് അരുണാചലത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave A Reply
error: Content is protected !!