രാജസ്ഥാൻ പൊരുതിത്തോറ്റു

രാജസ്ഥാൻ പൊരുതിത്തോറ്റു

ഐപിഎൽ 14ആം സീസണിലെ നാലാം മത്സരത്തിൽ രാജസ്ഥാൻ പൊരുതിത്തോറ്റു. 4 റൺസിനാണ് പഞ്ചാബ് വിജയിച്ചത്. ക്യാപ്റ്റനായി സ്ഥാനമേറ്റ ആദ്യ മത്സരത്തിൽ തന്നെ സഞ്ജു ഉജ്ജ്വല സെഞ്ചുറിയുമായി ടീമിനെ നയിച്ചെങ്കിലും വിജയത്തിൽ എത്തിക്കാനായില്ല. പഞ്ചാബ് ഉയർത്തിയ 222 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് മാത്രമേ നേടാനായുള്ളൂ. ഇന്നിംഗ്സിലെ അവസാന പന്തിൽ സഞ്ജു (119) അർഷ്ദീപിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു.

തിരിച്ചടിയോടെയായിരുന്നു രാജസ്ഥാൻ്റെ തുടക്കം. ഇന്നിംഗ്സിലെ മൂന്നാം പന്തിൽ തന്നെ സ്റ്റോക്സ് ഷമിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോൾ സ്കോർബോർഡ് ചലിച്ചിട്ടുണ്ടായിരുന്നില്ല. നന്നായി തുടങ്ങിയ വോഹ്റ (12), അർഷ്ദീപിൻ്റെ പന്തിൽ പുറത്തായതോടെ രാജസ്ഥാൻ പരുങ്ങി. എന്നാൽ നാലാം നമ്പറിലെത്തിയ സഞ്ജുവിനൊപ്പം ബട്‌ലർ ചേർന്നതോടെ സ്കോർ ഉയരാൻ തുടങ്ങി. 45 റൺസാണ് ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ഒടുവിൽ ബട്‌ലർ (25) ഝൈ റിച്ചാർഡ്സണിൻ്റെ ഇരയായി മടങ്ങി.

ഒരു വശത്ത് വിക്കറ്റുകൾ നഷ്ടപ്പെടുമ്പോഴും പിടിച്ചു നിന്ന സഞ്ജു ഇതിനിടെ തൻ്റെ ഫിഫ്റ്റി തികച്ചു. അഞ്ചാം നമ്പരിലെത്തിയ ശിവം ദുബെ (23), ആറാം നമ്പരിലെത്തിയ റിയൻ പരഗ് (25) എന്നിവരെ കൂട്ടി സഞ്ജു മുന്നിൽ നിന്ന് നയിച്ചു. ദുബെയെ അർഷ്ദീപ് സിംഗും പരഗിനെ ഷമിയുമാണ് പുറത്താക്കിയത്. പഞ്ചാബിൻ്റെ ജയത്തിനും തോൽവിക്കുമിടയിൽ ഉറച്ചുനിന്ന സഞ്ജു 54 പന്തുകളിൽ സെഞ്ചുറി തികച്ചു. ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തിൽ സെഞ്ചുറി തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാൻ എന്ന റെക്കോർഡും ഇതോടെ സഞ്ജു സ്വന്തമാക്കി.

അവസാന ഓവറിൽ വിജയിക്കാൻ 13 റൺസാണ് വേണ്ടിയിരുന്നത്. അർഷ്ദീപ് സിംഗ് എറിഞ്ഞ ആ ഓവറിൽ 8 റൺസ് മാത്രമേ രാജസ്ഥാന് നേടാനായുള്ളൂ. അവസാന പന്തിൽ വിജയിക്കാൻ അഞ്ച് റൺസ് വേണ്ടിയിരിക്കെ കൂറ്റൻ ഷോട്ടിനു ശ്രമിച്ച സഞ്ജു ലോംഗ് ഓഫിൽ ദീപക് ഹൂഡയുടെ കൈകളിൽ അവസാനിച്ചു.

Leave A Reply
error: Content is protected !!