62 കാരനെ ഭാര്യയും ബന്ധുവും ചേര്‍ന്ന് പെട്രോളിച്ച് തീ കൊളുത്തി

62 കാരനെ ഭാര്യയും ബന്ധുവും ചേര്‍ന്ന് പെട്രോളിച്ച് തീ കൊളുത്തി

ചെന്നൈ: തമിഴ്നാട്ടില്‍ ഭര്‍ത്താവിനെ ഭാര്യയും ബന്ധുവും ചേർന്ന് തീ കൊളുത്തി കൊലപ്പെടുത്തി . ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടിയാണ് രംഗരാജ് എന്ന 62 വയസ്സുകാരനെ ഭാര്യ തീകൊളുത്തിയത്. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

ഈറോഡിലെ പെരുന്തുറയിലാണ് ദാരുണ സംഭവം. തുണിമില്‍ ഉടമയായ രംഗരാജിന് ഒരു അപകടത്തില്‍ പരിക്കേറ്റതിനെ തുടർന്ന് പീലമേടിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി ആശുപത്രി വിട്ട് വീട്ടിലേക്ക് പോകവെ സഞ്ചരിച്ച വാഹനം വലസുപാളയത്തിന് സമീപം വിജനമായ ഒരു സ്ഥലത്ത് നിര്‍ത്തി. ശേഷം ഭാര്യ ജോതിമണിയും ബന്ധു രാജയും ചേര്‍ന്ന് പെട്രോളൊഴിച്ച് വാഹനത്തിന് തീകൊളുത്തി. പരുക്കുപറ്റി എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലുള്ള രംഗരാജ് വാഹനത്തിനകത്ത് കത്തിയെരിഞ്ഞു .

തുടർന്ന് ബന്ധുവായ രാജ തന്നെയാണ് തിരുപ്പൂര്‍ റൂറല്‍ പോലീസ് സ്റ്റേഷനിലെത്തി രംഗരാജന്റെ മരണ വിവരം അറിയിച്ചത്. അപകട മരണം എന്നാണ് പോലീസിനോട് പറഞ്ഞത്. എന്നാൽ രാജയുടെ മൊഴിയിലെ വൈരുദ്ധ്യത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണ് എന്ന് സ്ഥിരീകരിച്ചു .

രംഗരാജന്‍ മരണപ്പെട്ടാല്‍ ലഭിക്കുന്ന 3.5 കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടിയായിരുന്നു കൊലപാതകം. കൊലപാതകത്തിനായി രാജയ്ക്ക് ഒരു ലക്ഷം രൂപയാണ് ഭാര്യ ജോതിമണി വാഗ്ദാനം ചെയ്തത്. ഇതില്‍ 50,000 രൂപ ഇയാൾക്ക് കൈമാറുകയും ചെയ്തു. വിശദമായ ചോദ്യം ചെയ്യലിൽ ജോതിമണിയും രാജയും കുറ്റം സമ്മിതിച്ചിട്ടുണ്ട്. തുടർന്ന് ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തു.

Leave A Reply
error: Content is protected !!