ഇടുക്കി: ജില്ലയിലെ 130 സ്കൂൾ സൊസൈറ്റികളിലേക്ക് 1 മുതൽ 10വരെയുള്ള ക്ലാസുകളിൽ വിതരണം ചെയ്യാനുള്ള പാഠപുസ്തകങ്ങൾ കട്ടപ്പന ജില്ല ബുക്ക് ഡിപ്പോയിൽ എത്തി. കുട്ടികളുടെ പാഠപുസ്തകങ്ങളുടെ ഭാരം കുറക്കാന്‍ ലക്ഷ്യമിട്ട് മൂന്ന് ഭാഗങ്ങളായാണ് ഇത്തവണ പുസ്തകം അച്ചടിച്ച് വിതരണം ചെയ്യുന്നത്. ഇതില്‍ ഓണപ്പരീക്ഷ വരെയുള്ള പാഠഭാഗങ്ങള്‍ ഉള്‍പ്പെട്ടവയാണ് ഇപ്പോള്‍ എത്തിച്ചത്. ഒന്ന് മുതല്‍ ഏഴാം ക്ലാസുവരെയുള്ള പാഠപുസ്തകങ്ങളാണ് വിതരണം തുടങ്ങിയത്. ജില്ലയിലെ സ്കൂളുകളില്‍ ഒന്നു മുതല്‍ 10വരെ ക്ലാസുകളിലേക്ക് ആകെ ഏഴു ലക്ഷം പാഠപുസ്തങ്ങളാണ് ആവശ്യം.
ഇതില്‍ 5,44,280 പുസ്തകങ്ങള്‍ കട്ടപ്പന ജില്ല ബുക്സ് ഡിപ്പോയില്‍ എത്തിച്ചത്. ഇവിടെ നിന്ന് മൂന്ന് ലക്ഷത്തിലധികം പുസ്തകങ്ങള്‍ അതത് സ്കൂളുകളില്‍ എത്തിച്ചുകഴിഞ്ഞു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പുസ്തകങ്ങള്‍ നേരത്തെ എത്തിയതിനാല്‍ വിതരണം വേഗത്തില്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.