“മതത്തിന്റെ പേരിൽ വോട്ടർമാരെ വിഭജിക്കാനുള്ള നീക്കം തടയുന്നതിൽ നിന്ന് പിന്തിരിയില്ല”- തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ആഞ്ഞടിച്ച് മമത
കൊൽക്കത്ത: തനിക്കെതിരെ പത്ത് കാരണം കാണിക്കൽ നോട്ടീസ് അയച്ചാലും മതത്തിന്റെ പേരിൽ വോട്ടർമാരെ വിഭജിക്കാനുള്ള നീക്കം തടയുമെന്ന് മമത. ‘നിങ്ങൾക്ക് (തെരഞ്ഞെടുപ്പ് കമ്മീഷൻ) 10 കാരണം കാണിക്കൽ നോട്ടീസ് അയക്കാം. അപ്പോഴും എന്റെ ഉത്തരം ഇതുതന്നെ ആയിരിക്കും. ഹിന്ദു, മുസ്ലീം വോട്ടുകളിൽ എന്തെങ്കിലും വിഭജനം ഉണ്ടാക്കാൻ ശ്രമിക്കുന്നതിനെതിരെ ഞാൻ സംസാരിച്ചുകൊണ്ടിരിക്കും’ – മമതാ ബാനർജി പറഞ്ഞു.
ന്യൂനപക്ഷ വോട്ടുകൾ വിഭജിക്കരുതെന്ന് മുസ്ലീം വിഭഗത്തോട് ആവശ്യപ്പെട്ടതിന്റെ പേരിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ലഭിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പ്രധാനമന്ത്രി നടത്തുന്ന വിദ്വേഷ പ്രസംഗങ്ങൾ പോൾ പാനൽ മനപൂർവ്വമായി അവഗണിക്കുകയാണെന്നും മമത ആരോപിച്ചു.
മുസ്ലീം ഹിന്ദു വോട്ടുകളെ കുറിച്ച് എപ്പോഴും പറയുന്ന മോദിക്കതെിരെ ആരും പരാതി നൽകാത്തത് എന്താണ്? നന്ദിഗ്രാമിലെ പ്രചാരണത്തിനിടെ മിനി പാക്കിസ്ഥാൻ എന്ന വാക്ക് പല തവണ പറഞ്ഞവർക്കെതിരെ എത്ര പരാതി ലഭിച്ചു ? – സുവേന്ദു അധികാരിക്കെതിരെ മമത ആഞ്ഞടിച്ചു.