കഴിഞ്ഞ വർഷം കൊവിഡിൽ പ്രതിസന്ധിയിലായ ബോളിവുഡ്, ലോക്ഡൗണിന് ശേഷം കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയെങ്കിലും സിനിമ മേഖല പ്രതിസന്ധിയിൽ നിന്ന് കരകയറിയിരുന്നില്ല. ഇതിനെ അതിജീവിക്കുന്നതിനിടയിൽ പുതിയൊരു പ്രതിസന്ധി ഇപ്പോൾ ബോളിവുഡിനെ പിടികൂടിയിരിക്കുകയാണ്. ബോളിവുഡ് താരങ്ങൾക്ക് തുടർച്ചയായി കൊവിഡ് പിടികൂടുന്നത് ദൈനം ദിന ഷൂട്ടിംഗിനെ ബാധിച്ചിരിക്കുകയാണ്. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് ചിത്രീകരണം നടത്തുന്നതെങ്കിലും പ്രധാന താരങ്ങൾ കൊവിഡ് ബാധിതരാകുന്നത് പല ചിത്രങ്ങളുടെയും ചിത്രീകരണം മുടക്കിയിരിക്കുകയാണ്.
കഴിഞ്ഞ ഒരു മാസത്തിനിടയിൽ അക്ഷയ് കുമാർ, രൺബീർ കപൂർ, ആലിയ ഭട്ട്, ആമിർഖാൻ, കത്രീന കൈഫ്, അർജുൻ കപൂർ, ഗോവിന്ദ, വിക്കി കൗശൽ, പരേഷ് റാവൽ, കാർത്തിക് ആര്യൻ, രോഹിത് സറാഫ്, ഭൂമി പട്കർ തുടങ്ങിയ മുൻനിര താരങ്ങൾക്ക് കൊവിഡ് ബാധിച്ച വിവരം താരങ്ങൾ തന്നെ, സമൂഹമാധ്യമം വഴി അറിയിച്ചിരുന്നു. നല്ല രീതിയിൽ മുന്നോട്ട് പോയിരുന്ന പല ചിത്രങ്ങളെയും ഇത് ബാധിച്ചിട്ടുണ്ട്.
2019ൽ 4400 കോടി രൂപ നേടിയ ബോളിവുഡ്, 2020ൽ 5000 കോടി പ്രതീക്ഷിച്ചിരുന്നെങ്കിലും കൊവിഡ് എല്ലാം തകിടം മറിച്ചിരുന്നു. 2021ൽ ഇതിനെ അതിജീവിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് താരങ്ങളെ തുടർച്ചയായി കൊവിഡ് ബാധിക്കുന്നതും, ചിത്രീകരണം മുടങ്ങുന്നതും.