‘ബില്ലി’ ബാക്കി ഡബ്ബിങ്ങിന് ഇനി വൈഗ വരില്ല

‘ബില്ലി’ ബാക്കി ഡബ്ബിങ്ങിന് ഇനി വൈഗ വരില്ല

മുട്ടാർ പുഴയിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട വൈഗ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ ‘ബില്ലി’ സിനിമയുടെ ഡബ്ബിങ് സ്റ്റുഡിയോയിലായിരുന്നേനെ. ബില്ലിയിൽ പ്രധാനകഥാപാത്രമായി അഭിനയിച്ചതിന്റെ ത്രില്ലിലായിരുന്നു ആ പതിമ്മൂന്നുകാരി.

രണ്ടാഴ്ചമുമ്പ് എറണാകുളത്തെ മുട്ടാർപുഴയിൽ മുങ്ങിമരിച്ച നിലയിൽ വൈഗയെ കണ്ടെത്തിയതിന്റെ ദുരൂഹതയുടെ ഇരുട്ടിലേക്ക് ഇതുവരെ വെള്ളിവെളിച്ചം വീണിട്ടില്ല. ഒപ്പമുണ്ടായിരുന്ന അച്ഛൻ സനുമോഹനെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടുമില്ല. അതിനിടെയാണ് പുതുമുഖ സംവിധായകനായ ഷാമോൻ നവരംഗ്, വൈഗ അഭിനയിച്ച സിനിമയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി വരുന്നത്.

നാലുസംവിധായകരുടെ അഞ്ചുസിനിമകൾ കോർത്തിണക്കി ഒരുങ്ങുന്ന ‘ചിത്രഹാറി’ലെ ഒരെണ്ണമാണ് ‘ബില്ലി’. മൂന്ന് പെൺകുട്ടികളുടെ കഥപറയുന്ന ചിത്രത്തിലെ മൂന്നിലൊരാൾ വൈഗയാണ്.

‘‘അഞ്ചുദിവസമേ ഷൂട്ടിങ് ഉണ്ടായിരുന്നുള്ളൂ. വൈഗ നന്നായി അഭിനയിച്ചിരുന്നു. അവരുടെ ഫ്ളാറ്റിൽ താമസിച്ചിരുന്ന മറ്റൊരു സംവിധായിക വഴിയാണ് വൈഗയെ കണ്ടതും അഭിനയിക്കാൻ തിരഞ്ഞെടുത്തതും’’ -സംവിധായകൻ ഷാമോൻ നവരംഗ് പറയുന്നു.

അഞ്ചുചിത്രങ്ങളിൽ ‘ബില്ലി’യുടെ ഡബ്ബിങ് മാത്രമാണ് പൂർത്തിയാകാനുള്ളത്. വൈഗയുടെ ശബ്ദം മറ്റൊരാളെക്കൊണ്ട് ചെയ്യിപ്പിക്കാനൊരുങ്ങുകയാണ് ചിത്രത്തിന്റെ അണിയറക്കാർ.

ആലപ്പുഴയിലെ ബന്ധുവീട്ടിൽനിന്ന്‌ കാക്കനാട് കങ്ങരപ്പടിയിലെ ഫ്ളാറ്റിലെത്തി പുറത്തുപോയ ഇരുവരെയും കഴിഞ്ഞ 22-ന് കാണാതാവുകയായിരുന്നു. പിന്നീട് വൈഗയുടെ മൃതദേഹം മുട്ടാർപുഴയിൽനിന്ന് ലഭിച്ചു. പിതാവ് സനുമോഹന്റെ വാഹനം വാളയാർ അതിർത്തികടന്ന്‌ പോയതായി സ്ഥിരീകരിച്ചെങ്കിലും എവിടെയുണ്ടെന്ന് കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.

Leave A Reply
error: Content is protected !!