മഞ്ചേശ്വരം മണ്ഡലത്തിലെ വിജയസാധ്യതയെച്ചൊല്ലി കോണ്‍ഗ്രസിലും യു.ഡി.എഫിലും തര്‍ക്കം മൂക്കുന്നു

മഞ്ചേശ്വരം മണ്ഡലത്തിലെ വിജയസാധ്യതയെച്ചൊല്ലി കോണ്‍ഗ്രസിലും യു.ഡി.എഫിലും തര്‍ക്കം മൂക്കുന്നു

ഒടുവിൽ പ്രതീക്ഷിച്ചതുപോലെ തന്നെ മഞ്ചേശ്വരം മണ്ഡലത്തിലെ വിജയസാധ്യതയെച്ചൊല്ലി കോണ്‍ഗ്രസിലും യു.ഡി.എഫിലും തര്‍ക്കം മൂക്കുന്നു . കെ. സുരേന്ദ്രന്‍ ജയിച്ചാല്‍ ഉത്തരവാദി പിണറായി വിജയനാണെന്നും സി.പി.എം. വോട്ടുകള്‍ ബി.ജെ.പിക്കു നല്‍കിയെന്നും പറഞ്ഞു കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുൻ‌കൂർ ജാമ്യം എടുത്തു .

മുസ്‌ലിം ലീഗ് നേതാവും സിറ്റിങ് എം.എല്‍.എയുമായ എം.സി. കമറുദ്ദീനും ഇതേ ആരോപണം തന്നെ ഉന്നയിച്ചു. ജില്ലയിലെ യു.ഡി.എഫ്. നേതൃത്വം നിര്‍ജീവമായിരുന്നുവെന്നും കമറുദ്ദീന്‍ പറഞ്ഞു. എന്നാല്‍, മഞ്ചേശ്വരത്തെ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.എം. അഷ്‌റഫും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയും മുല്ലപ്പള്ളിയെ തള്ളി രംഗത്തെത്തി .

മതേതര വോട്ടുകള്‍ തനിക്ക് പരമാവധി സമാഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഉറച്ച വിജയപ്രതീക്ഷ ഉണ്ടെന്നുമായിരുന്നു അഷ്‌റഫിന്റെ പ്രതികരണം. കെ.പി.സി.സി അധ്യക്ഷന്റെ ആരോപണം എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും അഷ്‌റഫ് പറഞ്ഞു.

എന്നാൽ മഞ്ചേശ്വരത്ത് ആശങ്കയുണ്ടെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുന്നത് . തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ എല്ലാ ജില്ലകളിലെയും നേതാക്കന്മാരെ ബന്ധപ്പെട്ടിരുന്നു. മഞ്ചേശ്വരത്തെ നേതാക്കന്മാരുമായും ബന്ധപ്പെട്ടിരുന്നു. ഫീല്‍ഡില്‍നിന്നു കിട്ടിയ റിപ്പോര്‍ട്ട് അനുസരിച്ച് മഞ്ചേശ്വരത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി അതീവ ദുര്‍ബലനാണന്നുമാണ് മുല്ലപ്പള്ളിയുടെ അഭിപ്രായം .

അയാൾ എൽ ഡി എഫുകാരുടെ ഇടയില്‍ തന്നെ വിവാദപുരുഷനാണ്. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും നേതാക്കന്മാരുമായി വളരെ ചങ്ങാത്തത്തിലാണ്. ഇത് തന്നെയാണ് സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള രഹസ്യ ധാരണയത്രെ .

മാര്‍ക്‌സിസ്റ്റ് കേന്ദ്രങ്ങളില്‍ അസാധാരണമായ നിര്‍വികാരതയും കാണാന്‍ സാധിച്ചു. സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ വേണ്ടി പാര്‍ട്ടി പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങാറുണ്ടെന്നും അത്തരത്തിലൊന്ന് മഞ്ചേശ്വരത്ത് ഉണ്ടായില്ലന്നും – മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം മുല്ലപ്പള്ളി രാമചന്ദ്രൻ മഞ്ചേശ്വരത്തെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയപ്പോള്‍ നിലവിലെ സാഹചര്യത്തെക്കുറിച്ച് ചോദിക്കാനുള്ള മര്യാദ കാണിച്ചില്ലന്നാണ് രാജ് മോഹനുണ്ണിത്താന്റെ ആരോപണം . യു.ഡി.എഫിന്റെ വോട്ട് കൊണ്ട് തന്നെ മഞ്ചേശ്വരത്ത് മിന്നുന്ന വിജയം നേടാനാകും.

കല്യോട്ടെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജീവനെടുത്ത പാര്‍ട്ടിയുടെ പിന്തുണ തേടിയത് ശരിയായ നടപടി അല്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. കുറ്റപ്പെടുത്തി.

എന്നാൽ കേരളത്തിലെ 45 ലധികം മണ്ഡലങ്ങളില്‍ എന്‍.ഡി.എയെ പരാജയപ്പെടുത്താന്‍ സി.പി.എമ്മും കോണ്‍ഗ്രസും പരസ്പരം വോട്ടുമറിച്ചിട്ടുണ്ടെന്ന് എന്‍.ഡി.എ സംസ്ഥാന ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ് ആരോപിച്ചു .

ഇത് സി.പി.എം. കേന്ദ്രകമ്മറ്റിയുടെയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെയും അറിവോടെയാണ്. സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും സംസ്ഥാനഘടകങ്ങള്‍ എന്‍.ഡി.എയ്ക്കു ജയസാധ്യതയുള്ള സീറ്റുകള്‍ പകുതിവീതം പങ്കിെട്ടന്നും കൃഷ്ണദാസ് ആരോപിച്ചു.

നിലവിലെ എന്‍.ഡി.എയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും മഞ്ചേശ്വരത്ത് സി.പി.എം. വോട്ടുമറിച്ചെന്ന കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും പ്രസ്താവനകള്‍ ഈ അട്ടിമറിക്കു തെളിവാണ്.

നിയമസഭയ്ക്ക് പുറത്ത് നിര്‍ണായക ശക്തിയായിരുന്ന ബി.ജെ.പി. ഇനി നിയമസഭയ്ക്കകത്തും നിര്‍ണായക ശക്തിയാകും.

മഞ്ചേശ്വരത്ത് ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സി.പി.എം സഹായം തേടിയത് വരാന്‍പോകുന്ന സിപിഎംകോണ്‍ഗ്രസ് സഖ്യത്തിന്റെ പരസ്യമായ ചുവടുവയ്പ്പാണ്. എസ്.ഡി.പി.ഐ, പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകള്‍ കോണ്‍ഗ്രസിനെയും സി.പി.എമ്മിനെയും ഇക്കുറി പിന്തുണച്ചുവെന്നും -കൃഷ്ണദാസ് പറഞ്ഞു.

Leave A Reply
error: Content is protected !!