81-ല്‍ കുറയില്ല, തുടര്‍ഭരണം ഉറപ്പെന്ന് സി.പി.എം

81-ല്‍ കുറയില്ല, തുടര്‍ഭരണം ഉറപ്പെന്ന് സി.പി.എം

ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ചു സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇടതു മുന്നണിക്കു വ്യക്തമായ മേല്‍കൈ ലഭിക്കുമെന്നും തുടര്‍ഭരണം ഉറപ്പെന്നും സി.പി.എം വിലയിരുത്തുന്നു .  81 സീറ്റുകളിൽ കുറയില്ലെന്നാണ് പ്രാഥമിക നിഗമനം.

ജില്ലകളിലെ വിലയിരുത്തൽ നടക്കുന്നതേയുള്ളു . ജില്ലകളിലെ കണക്കുകൾ കൂടി ലഭിച്ചതിന് ശേഷം നാളെ അന്തിമ കണക്കിലെത്താനാകുമെന്നാണ് സി.പി.എം. കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത് . കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകളുമായി വടക്കന്‍ ജില്ലകളില്‍ വന്‍ മുന്നേറ്റമാണു പ്രതീക്ഷിക്കുന്നത്.

പല മണ്ഡലങ്ങളിലും യു.ഡി.എഫ്.-ബി.ജെ.പി. രഹസ്യധാരണയുണ്ടായിരുന്നെങ്കിലും വോട്ടിങ് ശതമാനത്തിലെകുറവ് അത് പ്രാവര്‍ത്തികമായില്ലെന്നതിന്റെ സൂചനയായാണെന്ന് സി.പി.എം. നേതാക്കള്‍ പറയുന്നു .

പ്രത്യേകിച്ച് തലശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളില്‍ അത് പ്രകടമായി . ഇവിടങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ദേശിച്ച ദിശയില്‍ കൊണ്ടെത്തിക്കാനും തുടര്‍ഭരണമെന്ന ചര്‍ച്ചയില്‍ പ്രതിപക്ഷത്തിനെ കുടുക്കിയിടാനും കഴിഞ്ഞത് എൽ ഡി എഫിന്റെ വിജയം തന്നെയാണ് .

”പെന്‍ഷന്‍, കിറ്റ് തുടങ്ങിയവയും സാധാരണ ജനങ്ങളുടെ പിന്തുണ കൂട്ടി. അതിനാല്‍ തന്നെ സാമുദായികമായ ചില ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അത് വോട്ടിങ്ങിനെ സാരമായി ബാധിച്ചിട്ടില്ല.

എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി സുകുമാരേട്ടന്‍ അവസാന നിമിഷം യു.ഡി.എഫിനു വേണ്ടി ആഹ്വാനം നടത്തിയെങ്കിലും അത് ഒരു ഗുണവും ചെയ്തില്ലന്ന് മാത്രമല്ല നനഞ്ഞ പടക്കമാവുകയും ചെയ്തു . പോളിങ് ബൂത്തുകളിലെ വര്‍ധിച്ച സ്ത്രീ സാന്നിധ്യം തന്നെ ഇവ വ്യക്തമാക്കുന്നതാണ്.

എല്ലാക്കാലത്തേയും അപേക്ഷിച്ച് ഇക്കുറി സ്ത്രീകള്‍ ഇടതുമുന്നണിയെ വലിയതോതില്‍ പിന്തുണച്ചിട്ടുണ്ടെന്നാണ് സി.പി.എം. നേതാക്കളുടെ വിലയിരുത്തൽ . 14 ജില്ലകളിലും മികച്ച പ്രകടനം ഉണ്ടാകുമെന്നാണ് ഇടതുമുന്നണി അവകാശപ്പെടുന്നത്.

കൊല്ലം, ആലപ്പുഴ ജില്ലകളില്‍ മാത്രമാണ് ചില ആശങ്കകള്‍ പ്രകടിപ്പിക്കുന്നത്. അവിടെ തിരിച്ചടിയുണ്ടായാലും ആ തിരിച്ചടി കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നികത്താനാകുമെന്നാണു പ്രതീക്ഷ.

കേരള കോണ്‍ഗ്രസി(എം)ന്റെ വരവോടെ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ സീറ്റുകള്‍ വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. പത്തനംതിട്ട ജില്ലയിൽ നേരിയ തിരിച്ചടിയുണ്ടായേക്കും . തൃശൂര്‍ ജില്ലയില്‍ ഇപ്പോഴത്തെ സ്ഥിതി തന്നെയായിരിക്കും.

തൃശൂര്‍ മണ്ഡലം ഒഴികെ ബാക്കിയെല്ലാം വിജയിക്കുമെന്നാണ് കണക്കുകൂട്ടല്‍. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ മികച്ച നേട്ടമുണ്ടാകും. മലപ്പുറം ജില്ലയില്‍ മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് നല്ല പ്രകടനമുണ്ടാകും. വയനാട് ജില്ലയില്‍ നിലവിലെ സ്ഥിതി തുടരുമെന്നും സി.പി.എം. വിലയിരുത്തുന്നു.

അതേസമയം വോട്ടെടുപ്പ് ദിവസം ശബരിമലയുമായി ബന്ധപ്പെട്ട് നടന്ന വാദപ്രതിവാദങ്ങളും പുതുമുഖ സ്ഥാനാര്‍ഥിപ്പട്ടികയും ഗുണംചെയ്യുമെന്നാണ് യു.ഡി.എഫിന്റെ അവകാശവാദം. 75- 77 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് അവര്‍ തറപ്പിച്ചുപറയുന്നു.

വോട്ടെടുപ്പ് ദിവസം എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി സുകുമാരേട്ടൻ ശബരിമല വിഷയം കൂടുതല്‍ സജീവമാക്കിയത് നേട്ടമായെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. അതുവരെ സൂക്ഷിച്ച കരുതല്‍ വെടിഞ്ഞ് മുഖ്യമന്ത്രി തന്നെ ഇതിനു മറുപടിയുമായി രംഗത്തെത്തിയത് തെരഞ്ഞെടുപ്പ് ചിത്രം മാറ്റിമറിച്ചു വെന്നും കോൺഗ്രസ്സ് വിലയിരുത്തുന്നു .

മുഖ്യമന്ത്രിയുടെ മറുപടി മറ്റ് നേതാക്കള്‍ കൂടി ഏറ്റെടുത്തതോടെ വോട്ടെടുപ്പ് ദിവസം ശബരിമല വിഷയം സജീവമാക്കി നിര്‍ത്താനായി. ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പിലേതു പോലെയുള്ള വികാരം ഉണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് കരുതുന്നു.

ശബരിമല വിഷയം ഏറ്റവും കൂടുതല്‍ ഗുണംചെയ്യുക കോണ്‍ഗ്രസിനാണെന്നു സര്‍വേ ഫലങ്ങളും സൂചിപ്പിക്കുന്നുണ്ട്.

ഇ.എം.സി.സി. കരാറുമായി ബന്ധപ്പെട്ട വിവാദങ്ങളും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. തീരദേശമേഖലകളിലെ ശക്തമായ പോളിങ് ഇതിന്റെ സൂചനയാണ്. 45ല്‍ പരം മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കുന്നത് തീരദേശമേഖലയാണ്.

ഇതില്‍ ഭൂരിപക്ഷവും നേടുമെന്നാണ് യു.ഡി.എഫിന്റെ അവകാശവാദം. ഇരട്ടവോട്ടുകള്‍ക്കെതിരായ നിലപാടും ഗുണകരമായി. അതുകൊണ്ടുതന്നെ കാര്യമായ തെരഞ്ഞെടുപ്പ് അട്ടിമറി നടന്നിട്ടില്ലെന്നും കോണ്‍ഗ്രസ് അവകാശപ്പെടുന്നു. പുതുമുഖങ്ങളെ രംഗത്തിറക്കിയതാണ് മറ്റൊരു നേട്ടമായി കരുതുന്നത് .

പ്രത്യേകിച്ച് നിയമന വിവാദം യുവാക്കളില്‍ ഇടതുമുന്നണിക്കെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമ്പോള്‍. പതിവിനു വിരുദ്ധമായി നേതാക്കളും അണികളും ഒന്നിച്ചുനിന്ന് എതിര്‍ത്തതോടെ ലതികാ സുഭാഷിന്റെ പ്രതിഷേധത്തിന്റെ ശക്തിയും കുറയ്ക്കാനായി. മലപ്പുറത്ത് ലീഗിന് ഒരു കോട്ടവും ഉണ്ടാകില്ല.

തൃശൂരിലും ആലപ്പുഴയിലും കൊല്ലത്തും കോണ്‍ഗ്രസിന്റെ നില മെച്ചപ്പെടും. എറണാകുളത്തും കോട്ടയത്തും നല്ല വിജയം നേടുമെന്നും അവര്‍ അവകാശപ്പെടുന്നു. ലീഗ് കഴിഞ്ഞതവണത്തെ വിജയം ആവര്‍ത്തിച്ചാലും കോണ്‍ഗ്രസ് കുറഞ്ഞത് 45-50 സീറ്റുകള്‍ നേടിയാലേ അധികാരം പിടിച്ചെടുക്കാനാകൂ.

ജോസഫ് ഗ്രൂപ്പും ആര്‍.എസ്.പിയും തരക്കേടില്ലാത്ത എണ്ണം സീറ്റുകള്‍ നേടുകയും വേണം. അതുണ്ടാകുമോയെന്നാണ് സംശയം .ഏതായാലും അടുത്തമാസം രണ്ടാം തീയതി വരെ കാത്തിരിക്കാം .

Leave A Reply
error: Content is protected !!