പാലാ: റോഡരികിൽ വിദ്യാർഥിനിക്ക് വെട്ടേറ്റ സംഭവത്തിലെ പ്രതിയായ ഓട്ടോഡ്രൈവർ കസ്റ്റഡിയിൽ. കടപ്പാട്ടൂർ സ്വദേശിയായ സന്തോഷ് (60)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പാലാ വെള്ളിയേപ്പളളി വലിയമലയ്ക്കൽ ടിന്റു മരിയ ജോണി(26)നാണു ബുധനാഴ്ച പുലർച്ചെ വെട്ടേറ്റത്.
ടിന്റുവിനെ മുന്പു തന്നെ പരിചയമുണ്ടായിരുന്ന ആക്രമി കരുതിക്കൂട്ടിയാണ് കൃത്യം നടത്തിയതെന്നു പോലീസ് സംശയിക്കുന്നു. പുലർച്ചെ ഇയാൾ ടിന്റുവിന്റെ വീടിനു സമീപത്ത് കാത്ത് കിടന്നതിനു ശേഷം അക്രമിച്ചതായാണ് പൊലീസ് നിഗമനം.
തലയ്ക്കു മാരകമായി പരിക്കേറ്റ പെണ്കുട്ടി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പെൺകുട്ടി അപകട നില തരണം ചെയ്തുവെന്ന് ഡോക്ടർമാർ അറിയിച്ചു.
എറണാകുളത്ത് പരീക്ഷയെഴുതുന്നതിനായി വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു ടിന്റു. വീട്ടിൽനിന്നും 150 മീറ്റർ പിന്നിട്ടപ്പോഴാണ് ആക്രമണം. മൂർച്ചയുള്ള ആയുധം കൊണ്ട് ആക്രമി ടിന്റുവിന്റെ തലയ്ക്കു വെട്ടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പ്രഭാത സവാരിക്കിറങ്ങിയവരാണു ടിന്റുവിനെ കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.