വാഷിങ്ടൺ: ഐക്യരാഷ്ട്ര സഭക്ക് കീഴിലെ ഫലസ്തീനി അഭയാർഥി ഏജൻസിക്ക് സാമ്പത്തിക സഹായം പുനഃസ്ഥാപിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രായേൽ സമ്മർദങ്ങൾക്ക് വഴങ്ങി 2018 ൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർത്തലാക്കിയ യു.എസ് സഹായ ഫണ്ടാണ് പുനരാരംഭിച്ചത് .ഇതിന്റെ ഭാഗമായുള്ള ആദ്യ ഗഡുവായി 15 കോടി ഡോളർ ഏജൻസിക്ക് അനുവദിക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ അറിയിച്ചു.
ഗസ്സ , വെസ്റ്റ് ബാങ്ക്,എന്നിവക്ക് പുറമെ പുറമെ ലബനാൻ, ജോർഡൻ രാജ്യങ്ങളിലും മറ്റുമായി കഴിയുന്ന 57 ലക്ഷം ഫലസ്തീനികൾക്ക് സഹായവും മറ്റു സേവനങ്ങളും എത്തിച്ചുനൽകുന്നതാണ് യു.എന്നിനു കീഴിലെ ഫലസ്തീൻ അഭയാർഥി ഏജൻസി. പശ്ചിമേഷ്യയിലെ അഭയാർഥികൾക്ക് സഹായമെത്തിക്കുന്ന സംരംഭത്തിൽ യു.എസ് പങ്കാളിത്തം സ്വാഗതം ചെയ്യുന്നതായി ഏജൻസി കമീഷണർ ജനറൽ ഫിലിപ് ലസാറിനി അറിയിച്ചു .
15 കോടിക്ക് പുറമെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും ഫലസ്തീനികൾക്ക് 7.5 കോടി ഡോളർ പുനർ നിർമാണ സഹായവും ഒരു കോടി ഡോളർ സമാധാന പാലന പദ്ധതികൾക്കും അമേരിക്ക നൽകും. ജനുവരി 20ന് അധികാരമേറിയ ജോ ബൈഡൻ ഫലസ്തീനികളുമായി പുതിയ ബന്ധം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 1948 ൽ ഇസ്രായേൽ തുരത്തിയ ഏഴു ലക്ഷം ഫലസ്തീനികളുടെ കുടുംബങ്ങൾക്കാണ് യു.എൻ ഏജൻസി സഹായം നൽകുന്നത്.