മോസ്കോ: റഷ്യയിൽ രണ്ടു തവണ കൂടി അധികാരം നിലനിർത്താനുള്ള നിയമ ഭേദഗതിയിൽ ഒപ്പുവെച്ച് റഷ്യൻ പ്രസിഡൻറ് വ്ലാഡിമിർ പുടിൻ.ഇതോടെ, 2036 വരെ റഷ്യൻ പ്രസിഡൻറായി പുടിന് അധികാരത്തിൽ തുടരാം. രണ്ടു പതിറ്റാണ്ടിലധികമായി അധികാരത്തിൽ തുടരുന്ന പുടിൻ നേരത്തെ നിയമഭേദഗതിക്കാവശ്യമായ നയതന്ത്ര നീക്കങ്ങൾ നടത്തിയിരുന്നു.
2020 ലാണ് അധികാരത്തിൽ തുടരാനായി ഭരണഘടനയിൽ ഭേദഗതി നടപ്പിലാക്കിയത് .ജൂലൈയിൽ ഫെഡറൽ അസംബ്ലി ഇതിന് അനുമതി നൽകുകയും ചെയ്തു. നിലവിലെ കാലാവധി 2024ൽ അവസാനിക്കാനിരിക്കെയാണ് തുടർച്ചയായ രണ്ടു തവണ അധികാത്തിൽ തുടരുന്ന പുടിൻ ഭരണഘടന മാറ്റി സ്ഥാനം സുരക്ഷിതമാക്കിയത് .
അതേസമയം പുടിന്റെ നീക്കത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ തുടങ്ങിക്കഴിഞ്ഞു .പ്രസിഡൻറായി തുടരാൻ സ്വയം ഭരണഘടന മാറ്റിയതിനെതിരെ ട്വിറ്ററിൽ ട്രോൾ മഴയാണ്. ഇങ്ങനെ പോയാൽ ആജീവനാന്തം റഷ്യയിൽ പ്രസിഡൻറായി 68 പിന്നിട്ട ഇയാൾ തന്നെ തുടരുമെന്ന രൂക്ഷ പരിഹാസമാണുയരുന്നത് .
അതെ സമയം തുടർച്ചയായി രണ്ട് തവണ മാത്രമാണ് പ്രസിഡൻറ് പദവിയിലിരിക്കാൻ റഷ്യൻ ഭരണഘടന അനുവദിച്ചിരുന്നത്. എന്നാൽ, വീണ്ടും അധികാരത്തിൽ തുടരുന്നതിനാവശ്യമായ നിയമഭേദഗതി പലഘട്ടങ്ങളിലായി വരുത്തിയാണ് പുടിൻ തന്റെ സിംഹാസനം ഉറപ്പിച്ചത് .
പുടിൻ 2000 ത്തിലാണ് ആദ്യമായി പ്രസിഡൻറ് സ്ഥാനത്ത് എത്തുന്നത്. 2004 ലെ തെരഞ്ഞെടുപ്പിൽ രണ്ടാമതും പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. 2008 മുതൽ 2012 വരെ പ്രധാനമന്ത്രിയായി. തുടർന്ന് നിയമ ഭേദഗതി വരുത്തി 2012ലും 2018 ലും പ്രസിഡൻറ് സ്ഥാനത്ത് തുടരുകയായിരുന്നു.