പാനൂർ കൊലപാതകം: അക്രമിസംഘം ലഷ്യമിട്ടത്​ സഹോദരൻ മുഹ്​സിനെയെന്ന്​ പ്രതി ഷിനോസ്​

പാനൂർ കൊലപാതകം: അക്രമിസംഘം ലഷ്യമിട്ടത്​ സഹോദരൻ മുഹ്​സിനെയെന്ന്​ പ്രതി ഷിനോസ്​

കണ്ണൂർ: പാനൂരിൽ ലീഗ്​ പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ അക്രമിസംഘം ലഷ്യമിട്ടത്​ സഹോദരൻ മുഹ്​സിനെയെന്ന്​ കസ്റ്റഡിയിലുള്ള പ്രതിയും സി.പി.എം പ്രവർത്തകനുമായ ഷിനോസിന്റെ മൊഴി​.

ഓപ്പൺ വോട്ടുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്​നങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്. ബൂത്ത്​ ഏജന്‍റ്​ കൂടിയായ മുഹ്​സിനെ ഭീഷണിപ്പെടുത്താനും കൈയേറ്റം ചെയ്യാനുമാണ്​ സി.പി.എം പ്രവർത്തകർ അന്ന്​ രാത്രി എട്ടുമണിയോടെ ഇവരുടെ വീടിനടുത്തെത്തിയത്​. മുഹ്​സിനെ ഭീഷണിപ്പെടുത്തുന്നത്​ കണ്ട്​ അനുജൻ മൻസൂർ ഓടിയെത്തുകയായിരുന്നു. തുടർന്ന്​ ഇരുവരെയും അക്രമികൾ വളഞ്ഞു. ഓടിരക്ഷപ്പെടുന്നതിനിടെ ബോംബെറിഞ്ഞ്​ വീഴ്​ത്താൻ ശ്രമിച്ചു. ബോംബേറിൽ മൻസൂറിന്‍റെ​ കാൽമുട്ടിന്​ താ​ഴെ ചിന്നിച്ചിതറി. ഇതിൽനിന്ന്​ രക്​തം വാർന്നാണ്​ മരണം സംഭവിച്ചത്​.

സ്​ഫോടന ശബ്​ദംകേട്ട്​ അയൽവാസികളും മൻസൂറിന്‍റെ കുടുംബക്കാരും ഓടിയെത്തിയതോടെ അക്രമികൾ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, സംഘാംഗമായ ഷിനോസിനെ മുഹ്​സിൻ കീഴ്​പ്പെടുത്തി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

കൊലപാതക കേസിൽ പ്രതിയായയാൾ അക്രമം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വാട്‌സാപ്പില്‍ പങ്കുവെച്ച സ്റ്റാറ്റസ് പൊലീസ്​ ഗൗരവ​ത്തിലെടുത്തില്ലെന്ന്​ പരാതിയുണ്ട്​. ‘മുസ്ലീംലീഗുകാര്‍ ഈ ദിവസം വര്‍ഷങ്ങളോളം ഓര്‍ത്തുവെക്കും, ഉറപ്പ്’ എന്നാണ് ഇയാള്‍ വാട്‌സാപ്പില്‍ പങ്കുവെച്ച സ്റ്റാറ്റസ്. ഉച്ചയോടെ ഭീഷണി സ്റ്റാറ്റസ് വാട്‌സാപ്പിലൂടെ പുറത്തുവന്നു​വെന്നും ഇതേക്കുറിച്ച് പൊലീസിനെ അറിയിച്ചെങ്കിലും പൊലീസ് ഗൗരവമായി എടുത്തില്ലെന്നും എം.എസ്.എഫ് സംസ്ഥാന ട്രഷറര്‍ നജാഫ് ആരോപിച്ചു.

Leave A Reply
error: Content is protected !!