ഈ കാത്തിരിപ്പാണ് സഹിക്കാത്തത് : കൂട്ടലും കിഴിക്കലുമായി തലപുകച്ച് മുന്നണികള്‍

ഈ കാത്തിരിപ്പാണ് സഹിക്കാത്തത് : കൂട്ടലും കിഴിക്കലുമായി തലപുകച്ച് മുന്നണികള്‍

ജനം വിധിയെഴുതി, ഫലമറിയാന്‍ ഇനി മേയ് രണ്ടുവരെ കാത്തിരിപ്പ്. അതുവരെ കൂട്ടലും കിഴിക്കലുമായി തലപുകച്ച് കാത്തിരിക്കുകയാണ് മുന്നണികള്‍. സംസ്ഥാനം ഇന്നോളം കാണാത്ത ശക്തമായ പ്രചാരണത്തിന്റെ പ്രകമ്പനമുള്‍ക്കൊണ്ട വോട്ടെടുപ്പാണ് ഇന്നലെ നടന്നത്.

നഗര-ഗ്രാമവ്യത്യാസമില്ലാതെ നടന്ന മികച്ച പോളിങ് അനുകൂലമാകുമെന്ന വിലയിരുത്തലിലാണു മൂന്ന് മുന്നണികളും . ബൂത്ത് തല വിശകലനങ്ങള്‍ക്കുശേഷമാകും അന്തിമനിഗമനത്തിലെത്തുക.

തീരമേഖലകളിലെ കനത്ത പോളിങ് ഭരണമുന്നണിക്ക് ആശങ്കയേകുന്നു. നാലുപതിറ്റാണ്ടായി നിലനില്‍ക്കുന്ന മുന്നണി സംവിധാനത്തിലെ സമഗ്രമാറ്റമാണ് ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. യു.ഡി.എഫിലെ പ്രമുഖകക്ഷിയായിരുന്ന കേരള കോണ്‍ഗ്രസ് (എം) ഇടതുമുന്നണിയിലെത്തിയതു സംസ്ഥാനരാഷ്ട്രീയത്തില്‍ എങ്ങനെ പ്രതിഫലിക്കുമെന്നറിയാനും മേയ് രണ്ടുവരെ കാത്തിരിക്കണം. എല്‍.ജെ.ഡിയുടെ വരവും ഇടതുമുന്നണി പ്രതീക്ഷയോടെ കാണുന്നു.

പി.ജെ. ജോസഫ് നയിക്കുന്ന കേരളാ കോണ്‍ഗ്രസും ആര്‍.എസ്.പിയുമുണ്ടെങ്കിലും കോണ്‍ഗ്രസ്-മുസ്ലിം ലീഗ് അച്ചുതണ്ടിലായിരുന്നു യു.ഡി.എഫിന്റെ തേരോട്ടം . കോണ്‍ഗ്രസ് അന്‍പതിലേറെ സീറ്റില്‍ ജയിച്ചാലേ ഭരണം നേടാനാകൂ എന്നതാണവസ്ഥ.

വോട്ടെടുപ്പ് ദിവസം സര്‍ക്കാരിനെതിരേ എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രംഗത്തുവന്നതു ഗുണമാകുമെന്ന പ്രതീക്ഷയും യു.ഡി.എഫിനുണ്ട്.

മുന്‍കാലങ്ങളെ അപേക്ഷിച്ച് തെരഞ്ഞെടുപ്പിലെ നിര്‍ണായകശക്തിയായി എന്‍.ഡി.എയും കളംനിറഞ്ഞുനിന്നു . സംസ്ഥാനത്തൊട്ടാകെ നടന്ന ത്രികോണമത്സരം അതിനു തെളിവാണ്. പ്രാദേശികമായി രൂപംകൊണ്ട ട്വന്റി ട്വന്റി, വി ഫോര്‍ കൊച്ചി എന്നീ അരാഷ്ട്രീയസംഘടനകളുടെ സാന്നിധ്യം ചിലയിടങ്ങളില്‍ ചതുഷ്‌കോണമത്സരത്തിനും കളമൊരുക്കി.

തദ്ദേശതെരഞ്ഞെടുപ്പിലെ വിജയത്തേത്തുടര്‍ന്ന് തുടര്‍ഭരണമെന്ന മുദ്രാവാക്യം ശക്തമായി ഉയര്‍ത്താന്‍ കഴിഞ്ഞതു നേട്ടമായി എല്‍.ഡി.എഫ്. അവകാശപ്പെടുന്നു. പ്രതിപക്ഷം ഉയര്‍ത്തിയ ശബരിമല, ഇ.എം.സി.സി. വിവാദങ്ങള്‍ വികസനത്തിനു മുന്നില്‍ നിഷ്പ്രഭമായെന്നും എൽ ഡി എഫ് കണക്കുകൂട്ടുന്നു. എന്നാല്‍, അഴിമതിക്കെതിരായ വിധിയെഴുത്താകും ഇക്കുറിയെന്നു യു.ഡി.എഫും എന്‍.ഡി.എയും ആണയിടുന്നു.

പ്രചാരണത്തില്‍ ദേശീയനേതാക്കളുടെ സാന്നിധ്യം പ്രതിപക്ഷമുന്നണികള്‍ക്കാണ് ഏറെ ആവേശം പകര്‍ന്നത്. 2011-നേക്കാള്‍ പോളിങ് ശതമാനമുയര്‍ന്ന 2016-ല്‍ ഇടതുമുന്നണി വന്‍വിജയമാണു നേടിയത്. എന്നാല്‍, പോളിങ് ശതമാനം 2016-നേക്കാള്‍ കുറഞ്ഞ 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ആധിപത്യമായിരുന്നു. അതുകൊണ്ടുതന്നെ പോളിങ് ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ അവകാശവാദങ്ങള്‍ക്കു പ്രമുഖകക്ഷികളൊന്നും തയ്യാറാകാഞ്ഞത് .

ഇനി ഇരുപത്തിയഞ്ച് ദിവസം കൂടി കാത്തിരുന്നാൽ മതിയല്ലോ .

Leave A Reply
error: Content is protected !!