കോവിഡ് മുൻകരുതൽ ; ഖത്തറിൽ പിഎച്ച്സിസി ആശുപത്രി സേവനങ്ങള്‍ ഓണ്‍ലൈനിൽ

കോവിഡ് മുൻകരുതൽ ; ഖത്തറിൽ പിഎച്ച്സിസി ആശുപത്രി സേവനങ്ങള്‍ ഓണ്‍ലൈനിൽ

ദോഹ: രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രതിരോധ നടപടികളുമായി ഖത്തര്‍ ആരോഗ്യവകുപ്പ്. ഇതിന്‍റെ ഭാഗമായി രാജ്യത്തെ പ്രാഥമികാരോഗ്യ സംരക്ഷണ കേന്ദ്രങ്ങളില്‍ (പിഎച്ച്സിസി) നിന്ന് അടിയന്തരമല്ലാത്ത എല്ലാ സേവനങ്ങളും ഓണ്‍ലൈനിലേക്ക് മാറ്റി. ഇനി മുതല്‍ രോഗികൾക്ക് ആശുപത്രി സേവനങ്ങള്‍ ഫോണിലൂടെയോ വീഡിയോ കോളിലൂടെയോ ലഭ്യമാകും.കൊവിഡ് വ്യാപനം പരമാവധി നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

അതെ സമയം നിലവില്‍ കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്നതിനായി നിരവധി പേര്‍ പിഎച്ച്സിസികളില്‍ എത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ രോഗ വ്യാപന സാധ്യത കഴിയുന്നത്ര കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ആശുപത്രികളില്‍ നേരിട്ടെത്തുന്ന ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കാനാണ് തീരുമാനമെന്ന് പിഎച്ച്സിസി ഓപറേഷന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സംയ അഹ്മദ് അല്‍ അബ്ദുല്ല അറിയിച്ചു .

ദന്തരോഗം, ഫാമിലി മെഡിസിന്‍, സ്പെഷ്യാലിറ്റി സേവനങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ അടിയന്തര സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് പിഎച്ച്സിസികളില്‍ നേരിട്ട് എത്താവുന്നതാണ്. എന്നാല്‍ ഡോക്ടര്‍മാരുമായി സംസാരിച്ച് അടിയന്തര സ്വഭാവമുണ്ടെന്ന് കണ്ടാല്‍ മാത്രമേ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് നേരിട്ടെത്താവൂ.

ഖത്തറിൽ നിലവിൽ എട്ട് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ 24 മണിക്കൂറും അടിയന്തര സേവനങ്ങള്‍ ലഭ്യമാണ്. അല്‍ ഗറാഫ, അല്‍ കഅബാന്‍, മുഐതര്‍, റൗദത്ത് അല്‍ ഖൈല്‍, അല്‍ ശഹാനിയ, അല്‍ റുവൈസ്, ഉം സലാല്‍, അബൂബക്കര്‍ അല്‍ സിദ്ദീഖ് എന്നീ പിഎച്ച്‌സിസികളിലാണ് ഈ മുഴുസമയം അടിയന്തര സേവനങ്ങള്‍ ലഭ്യമാവുക. 16,000 എന്ന നമ്പറില്‍ വിളിച്ച് രോഗികള്‍ക്ക് ടെലഫോണിലോ വീഡിയോ കോണ്‍ഫറന്‍സിലോ അടിയന്തര വൈദ്യസേവനം തേടാവുന്നതാണ്

Leave A Reply
error: Content is protected !!