ദോഹ: രാജ്യത്ത് പ്രാദേശികമായി വിളയിച്ചെടുത്ത പച്ചക്കറികളുടെ വിൽപനക്കായി അഞ്ച് കാർഷിക ചന്തകൾ റമദാനിൽ പ്രവർത്തന സജ്ജമാകുമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. അൽഖോർ-അൽദഖീറ, അൽ ശീഹാനിയ, അൽ മസ്റൂഅ, അൽ വക്റ, അൽ ശമാൽ എന്നിവിടങ്ങളിലെ പ്രാദേശിക കാർഷിക ചന്തകളാണ് തുറക്കുക.
റമദാനിലെ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി രാവിലെ ഏഴുമുതൽ രാത്രി 11 വരെയായിരിക്കും ചന്തകളുടെ പ്രവർത്തനമെന്ന് ജനറൽ സൂപ്പർവൈസറായ അബ്ദുറഹ്മാൻ അൽ സുലൈതി വ്യക്തമാക്കി .
‘ഇത് തുടർച്ചയായ രണ്ടാം വർഷമാണ് കർഷകർക്ക് പിന്തുണയുമായി മന്ത്രാലയം എത്തുന്നത് . തങ്ങളുടെ ഉൽപന്നങ്ങൾ വളരെ എളുപ്പത്തിൽ വിപണനം ചെയ്യുന്നതിനും വിൽപന നടത്തുന്നതിനും കർഷകർക്ക് ഈ സംരംഭം ഏറെ സഹായകരമാകും. കർഷകരിൽനിന്ന് ഒരിക്കലും മാർക്കറ്റിങ് ഫീസ് ഈടാക്കുകയില്ല. ഇടനിലക്കാരില്ലാതെ തങ്ങളുടെ ഉൽപന്നങ്ങൾ ഉപഭോക്താക്കളിലേക്കെത്തിക്കാൻ അവരെ സഹായിക്കുകയാണ് ലക്ഷ്യം.. ‘കോവിഡ്-19 രോഗബാധിതർ വർധിച്ച് വരുന്ന സാഹചര്യത്തിൽ കർശന സുരക്ഷാ മാനദണ്ഡങ്ങളുടെയും മുൻകരുതലുകളോടെയുമായിരിക്കും ചന്തകളുടെ പ്രവർത്തനമെന്നും അബ്ദുറഹ്മാൻ അൽ സുലൈതി അറിയിച്ചു .