ജോധ്പുർ: രാജസ്ഥാനിൽ 16 തടവുകാർ ജയിൽ ചാടി. ജോധ്പുർ ജില്ലയിലെ ഫലോഡി സബ്ജയിലിൽ നിന്നും ജയിൽ ഗാർഡുകളുടെ കണ്ണുകളിലേക്ക് മുളകുപൊടിയെറിഞ്ഞാണ് ഇവർ രക്ഷപ്പെട്ടത്. തടവുപുള്ളികളെ പിടിക്കാനുള്ള പരിശ്രമത്തിലാണ് പൊലീസ്.ഫലോഡി ഡെപ്യൂട്ടി കലക്ടർ യശ്പാൽ അഹൂജയാണ് വിവരം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് .
“വിവരമറിഞ്ഞ് സ്ഥലത്തെത്തിയപ്പോൾ മുളകുപൊടിയും പച്ചക്കറിയും നിലത്ത് ചിതറിക്കിടക്കുന്നതാണ് കണ്ടത്. ഒരു പൊലീസുകാരി വേദന കൊണ്ട് കരയുന്നുണ്ടായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥനോട് എന്താണ് ഉണ്ടായതെന്ന് ഞാൻ ചോദിച്ചു. സുരക്ഷ ഉദ്യോഗസ്ഥർക്കു നേരെ പച്ചക്കറിയും മുളകുപൊടിയും എറിഞ്ഞ് തടവുകാർ രക്ഷപ്പെട്ടുവെന്ന് അയാൾ പറഞ്ഞു. സ്റ്റേഷൻ ഓഫിസറേയും ജില്ലാ കലക്ടറേയും ഞാൻ ഉടനെ വിവരമറിയിച്ചു. തടവുകാരെ പിടിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.” അദ്ദേഹം പറഞ്ഞു.
അതെ സമയം എല്ലാ പൊലീസ് സ്റ്റേഷനുകളിലും ചെക്ക് പോയിന്റുകളിലും തടവുകാർ രക്ഷപെട്ട വിവരം അറിയിച്ചിട്ടുണ്ട്. ബസുകളും മറ്റ് വാഹനങ്ങളും പരിശോധിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും സബ്കലക്ടർ പറഞ്ഞു.അതെ സമയം ഉദ്യോഗസ്ഥരുെട ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായതായി യശ്പാൽ അഹുജ ആരോപിച്ചു .