കണ്ണൂർ: ദൈവങ്ങൾക്ക് വോട്ടുണ്ടായിരുന്നെങ്കിൽ എൽഡിഎഫിന് വോട്ടുചെയ്തേനെയെന്ന് സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണൻ.
സംസ്ഥാനത്ത് തുടർഭരണം ഉറപ്പാണെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമലയിൽ ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തിയ സർക്കാറാണിത്. ഇതു കൂടാതെ എല്ലാ മത വിശ്വാസികൾക്കും സുരക്ഷിതത്വം ഉറപ്പാക്കിയ സർക്കാരാണ് പിണറായി സർക്കാർ. എല്ലാ ആരാധനാലയങ്ങൾക്കും ഓരോ പ്രദേശത്തും വികസന പ്രവർത്തനങ്ങൾ നടത്തി.
നിലവിൽ ഇടത്മുന്നണിക്ക് 95 സീറ്റ് ഉണ്ട്. ഫലം പുറത്തു വരുമ്പോൾ നൂറിലധികം സീറ്റ് നേടി ചരിത്ര വിജയത്തോടെ അധികാരത്തിലെത്തും. എല്ലാ ജില്ലകളിലും ഇടത് അനുകൂല തരംഗമാണ്. മുൻകാലങ്ങളിൽ ഇടതുപക്ഷത്തിന് അനുകൂല വിധി എഴുതാത്ത ജില്ലകളിൽ പോലും ഇക്കുറി ഇടത് അനുകൂല തരംഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വാമി അയ്യപ്പനും ഈ നാട്ടിലെ എല്ലാ ദേവഗണങ്ങളും തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിനൊപ്പമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തേ പറഞ്ഞിരുന്നു.