കോവിഡ് വ്യാപനത്തെ തുടർന്ന് സന്ദർശന വിസക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്താനൊരുങ്ങി ഒമാൻ. തിങ്കളാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഏപ്രിൽ എട്ട് വ്യാഴാഴ്ച ഉച്ചക്ക് 12 മണി മുതലായിരിക്കും വിലക്ക് പ്രാബല്ല്യത്തിൽ വരുക.
ഒമാൻ സ്വദേശികൾക്കും റെസിഡൻറ് വിസയിലുള്ളവർക്കും മാത്രമായിരിക്കും വ്യാഴാഴ്ച ഉച്ച മുതൽ രാജ്യത്തെ വിമാനത്താവളങ്ങൾ വഴി പ്രവേശനാനുമതി ലഭിക്കുകയുള്ളൂവെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.
അതെ സമയം ഒമാനിൽ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള രാത്രി യാത്രാവിലക്ക് ഏപ്രിൽ എട്ടിന് അവസാനിക്കും. എന്നാൽ രാത്രി എട്ട് മുതൽ പുലർച്ചെ അഞ്ച് വരെയുള്ള വ്യാപാര-വാണിജ്യ സ്ഥാപനങ്ങളുടെ അടച്ചിടൽ റമദാൻ ഒന്ന് വരെ തുടരും. റമദാനിൽ രാത്രി യാത്രാവിലക്ക് പുനരാരംഭിക്കും. രാത്രി ഒമ്പത് മുതൽ പുലർച്ചെ നാലുവരെയായിരിക്കും വിലക്ക് .ഈ സമയം വ്യാപാര-വാണിജ്യ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതിയില്ല.
റമദാനിൽ മസ്ജിദുകളിലും പൊതുസ്ഥലങ്ങളിലും തറാവീഹ് നമസ്കാരത്തിന് അനുമതിയില്ല . റമദാനിൽ മസ്ജിദുകളിലും വീടുകളിലും മജ്ലിസുകളിലുമായി സമൂഹ നോമ്പുതുറകളോ ഒത്തുചേരലുകളോ അനുവദനീയമായിരിക്കില്ലെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.