കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിനെതിരായ പരാമര്‍ശത്തില്‍ വിശദീകരണവുമായി എ.എം.ആരിഫ്

കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിനെതിരായ പരാമര്‍ശത്തില്‍ വിശദീകരണവുമായി എ.എം.ആരിഫ്

കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിനെതിരായ പരാമര്‍ശത്തില്‍ വിശദീകരണവുമായി എ.എം.ആരിഫ്. തൊഴിലിനെയും, തൊഴിലാളിയെയും ആക്ഷേപിച്ചു എന്ന കള്ളപ്രചരണം ഒന്നിരുട്ടി വെളുക്കുമ്പോൾ തീരുന്നതാണ് എന്നറിയാമെന്ന് അദ്ദേഹം പറഞ്ഞു. നാളെ തിരഞ്ഞെടുപ്പിൽ എന്ത് പറഞ്ഞും, വോട്ട് പിടിക്കണം എന്നത് മാത്രമാണ് ലക്ഷ്യമെന്നറിയാം. അതിനുള്ള മറുപടി തന്നെ സ്നേഹിക്കുന്നവർ ബാലറ്റിലൂടെ തരുമെന്നുംഅദ്ദേഹം പറഞ്ഞു.

നിയമസഭയിലേക്കും സൊസൈറ്റിയിലേക്കുമെല്ലാം കര്‍ഷകനായാല്‍ മത്സരിക്കാം. എന്നാല്‍ അത് മാത്രം മാനദണ്ഡമാകരുതെന്നും എ.എം. ആരിഫ് എം.പി. പറഞ്ഞു. കായംകുളം നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സംഘടിപ്പിച്ച വനിതാസംഗമ പരിപാടിയിൽ താൻ നടത്തിയ പ്രസംഗം ചില മാധ്യമങ്ങൾ യുഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് വോട്ട് പിടിക്കാൻ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതുകൊണ്ടുള്ള പ്രതികരണമാണിതെന്നും അദ്ദേഹം പറഞ്ഞു.

പാൽ സൊസൈറ്റിയിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് എന്നു പറഞ്ഞാൽ അത് എങ്ങനെ തൊഴിലിനെയും സ്ഥാനാർത്ഥിയെയും ആക്ഷേപിക്കുന്നതാകുമെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തലയ്ക്കെതിരായ സ്ഥാനാർത്ഥിയുടെ പ്രാരാബ്ധം ചർച്ചയാക്കാതെ കായംകുളത്തെ സ്ഥാനാർത്ഥിയുടെ പ്രാരാബ്ധം വോട്ടാക്കാനുള്ള അവസാന അടവാണിത്. ഇങ്ങനെ വാക്കുകളെ സന്ദർഭത്തിൽ നിന്നും അടർത്തിമാറ്റി ദുർവ്യാഖ്യാനം ചെയ്ത് നടത്തുന്ന കള്ളപ്രചാരവേലയ്ക്ക് കായംകുളത്തെ പ്രബുദ്ധരായ ജനങ്ങൾ ചുട്ടമറുപടി നൽകും എന്നകാര്യത്തിൽ തനിക്ക് സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

യു. പ്രതിഭയുടെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച വനിതാ സംഗമ വേദിയില്‍ വെച്ചായിരുന്നു അരിതാ ബാബുവിനെ പരിഹസിച്ചുള്ള എ.എം. ആരിഫ് എംപിയുടെ പരാമര്‍ശം. ഇതോടെ എംപിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.

Leave A Reply
error: Content is protected !!