മാഫിയാ ഭരണമാണ് കഴിഞ്ഞ അഞ്ചു വർഷം കേരളം കണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

മാഫിയാ ഭരണമാണ് കഴിഞ്ഞ അഞ്ചു വർഷം കേരളം കണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

മാഫിയാ ഭരണമാണ് കഴിഞ്ഞ അഞ്ചു വർഷം കേരളം കണ്ടതെന്നും അഞ്ചു വർഷത്തെ അഴിമതി ഭരണത്തിനെതിരേ വിധിയെഴുതാൻ ജനങ്ങൾക്ക് അവസരമൊരുങ്ങുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്വർണക്കടത്തും ഡോളർ കടത്തും തുടങ്ങി അഴിമതികളുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസായിരുന്നു. പാവപ്പെട്ടവർക്ക് വീട് നിർമിക്കുന്ന ലൈഫ് മിഷനിൽ പോലും അഴിമതി നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫിസിനെ നിയന്ത്രിച്ച ഇതേ സംഘമാണെന്നും അദ്ദേഹം പറഞ്ഞു. തൊഴിലില്ലാത്ത ഉദ്യോഗാർത്ഥികൾ മുട്ടിലിഴഞ്ഞിട്ടും കണ്ണു തുറക്കാത്ത സരർക്കാറാണിത്. വിശ്വാസികളുടെ മനസിൽ മുറിവുണ്ടാക്കിയ സർക്കാർ, മൽസ്യത്തൊഴിലാളികളെയും പ്രവാസികളെയും വഞ്ചിച്ച സർക്കാർ ആണ് ഇത്രയും നാൾ ഭരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐശ്വര്യ കേരളത്തെ , ലോകോത്തര കേരളത്തെ സൃഷ്ടിക്കാനാനുള്ള പ്രകടനപത്രികയുമായിട്ടാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. പാവപ്പെട്ടവർക്ക് ആറായിരം രൂപ ഉറപ്പുവരുത്തുന്ന ന്യായ് പദ്ധതി, 3000 രൂപയുടെ ക്ഷേമ പെൻഷൻ, ബിൽ രഹിത ആശുപത്രികൾ , ന്യായ് പദ്ധതിയിൽ പെടാത്ത 45 നും 60 നും മധ്യേയുള്ള വീട്ടമ്മമാർക്ക് 2000 രൂപ തുടങ്ങിയവ യുഡിഎഫ് ഉറപ്പുവരുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിൽ ആരംഭിച്ച ന്യായ് പദ്ധതി സാമ്പത്തിക രംഗത്ത് ഗുണകരമായ മാറ്റങ്ങളാണ് വരുത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ ദാരിദ്ര്യ നിർമാർജന പദ്ധതിയായ മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി നടപ്പിലാക്കിയ കോണ്ഗ്രസിന് മാത്രമേ ന്യായ് പോലെ പാവപ്പെട്ടവർക്ക് മിനിമം വരുമാനം ഉറപ്പുവരുത്തുന്ന ഒരു ബൃഹദ് പദ്ധതി നടപ്പിലാക്കാൻ കഴിയൂ എന്ന് ജനങ്ങൾക്കറിയാമെന്നും സമ്പദ് ഘടനയെ ചലനാത്മകമാക്കുന്ന ന്യായ് കേരളത്തിൽ വൻ മാറ്റങ്ങൾക്ക് തുടക്കമാകുമെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply
error: Content is protected !!