കേരളത്തിലെ രണ്ടു പാര്‍ട്ടികളുടെ നിലനില്‍പ്പിന്റെ പോരാട്ടമാണ് പാലായിലെ അങ്കം. പ്രധാന എതിരാളികള്‍ രണ്ടു പാര്‍ട്ടികളുടെ സംസ്ഥാന അധ്യക്ഷന്മാര്. ഒന്നര വര്‍ഷത്തിനിടെ പരസ്പരം മുന്നണി മാറിയവര്‍ പാലയായില്‍ അങ്കം കുറിക്കുമ്പോള്‍ ആര് ‘പാലം’ കടക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് .
അതുകൊണ്ടു തന്നെ ആവനാഴിയിലെ ആയുധങ്ങള്‍ ഒന്നു പോലും പാലായില്‍ മുന്നണികള്‍ പാഴാക്കുന്നില്ല. പഴുതടച്ച, ആവേശകരമായ പ്രചാരണമാണ് നടക്കുന്നത് . അതായത് ജീവന്മരണ പോരാട്ടം . സംസ്ഥാനമൊട്ടാകെ ഉറ്റുനോക്കുന്ന ഫലമാണ് ഇത്തവണ പാലായിൽ . അതുകൊണ്ട് തന്നെ പ്രചാരണത്തില്‍ കടുകിട പിന്നോട്ടു പോകാന്‍ ഇരുമുന്നണികളും തയാറല്ല.
മുന്നണിയും പാര്‍ട്ടിയും മാറിയ സിറ്റിങ്ങ് എം.എല്‍.എ. മാണി സി. കാപ്പനാണു യു.ഡി.എഫ്ന്റെ പോരാളി. ജോസ് കെ. മാണിയുടെ ഇടതുമുന്നണിയിലേക്കുള്ള വരവില്‍ പാല പോയതോടെ എന്‍.സി.പി. പിളര്‍ത്തി നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള എന്ന പാർട്ടി രൂപീകരിച്ചാണ് മാണി സി. കാപ്പന് ഗോദയില്‍ ഇറങ്ങിയിരിക്കുന്നത്.
കേരള കോണ്‍ഗ്രസി(എം)ലെ അധികാരത്തര്‍ക്കത്തില്‍ പിളര്‍ന്നു മാറി ഔദ്യോഗിക കേരള കോണ്‍ഗ്രസായി തിരിച്ചുവന്ന് ഇടതുകൂടാരത്തില്‍ കയറികൂടിയ ജോസ് കെ. മാണിയാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി.
കേരളാ കോണ്‍ഗ്രസ് ചെയര്‍മാനായ ജോസ് കെ.മാണി മത്സരിക്കുന്നതിനാല്‍ കേരളാ കോണ്‍ഗ്രസിനും എല്‍.ഡി.എഫിനും നിര്‍ണായകമാണു പാലാ. മുഖ്യമന്ത്രി പിണറായി വിജയന് പ്രസംഗിക്കാന്‍ പാലായിലെത്തിയതും ഇതേ കാരണത്താലാണ് .
യു.ഡി.എഫിലെത്തിയ മാണി സി.കാപ്പനെ വിജയിപ്പിക്കേണ്ടത് അനിവാര്യമായതിനാല്‍ രാഹുല്‍ ഗാന്ധി തന്നെ പ്രചാരണത്തിനു പാലായില്‍ എത്തി.
രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍, മുത്തോലി, മീനച്ചില്‍, കൊഴുവനാല്‍, എലിക്കുളം പഞ്ചായത്തുകളും പാലാ മുനിസിപ്പാലിറ്റിയും ചേര്‍ന്നതാണു പാലാ മണ്ഡലം. പാലാ നഗരസഭ ഉള്‍പ്പെടെ ഏഴിടങ്ങളില്‍ എല്‍.ഡി.എഫും ആറിടങ്ങളില്‍ യു.ഡി.എഫും മുത്തോലിയില്‍ ബി.ജെ.പിയുമാണ് ഭരണം.
മത്സരിച്ചു തടങ്ങിയത് മുതല്‍ പാലാക്കാര് കെ.എം. മാണിയെ കൈവിട്ടിട്ടില്ല. മാണിയുടെ മരണശേഷം മറ്റൊരു മാണി പാലാ സ്വന്തമാക്കി. ഈ മാണിയാണ് കെ.എം മാണിയുടെ മകനായ ജോസ് കെ. മാണിയോട് നേരിട്ട് ഏറ്റുമുട്ടുന്നത്.
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പേ പ്രചാരണത്തിനു തുടക്കം കുറിച്ച മാണി സി.കാപ്പന് വിജയമല്ലാതെ മറ്റൊന്നും ചിന്തിക്കുന്നില്ല. പാലായില്‍ മൂന്നു തവണ കെ.എം. മാണിയോടു പരാജയപ്പെട്ടിരുന്നു. എന്നാല്‍, ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ കാപ്പന്റെ ഗ്രാഫ് ഉയര്‍ന്നു.
മണ്ഡലത്തില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങളിലും യു.ഡി.എഫ്. ബന്ധത്തിലുമാണ് കാപ്പന്റെ പ്രതീക്ഷ.
കേരളാ കോണ്‍ഗ്രസിന്റെ ഇടതു പ്രവേശനം മുതല്‍ പല നിര്‍ണായക ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം പാലായിലെ വിജയത്തിലൂടെ നല്‍കാനാണു ജോസ് കെ. മാണിയുടെ ശ്രമം.
രണ്ടു തവണ കോട്ടയം എം.പിയായിരുന്ന ജോസ് കെ മാണി 2018ല്‍ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
കെ.എം.മാണിയും പാലായും തമ്മിലുള്ള ആത്മബന്ധത്തിന്റെ തുടര്‍ച്ചയിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ്. മുന്നേറ്റത്തിലുമാണ് ജോസിന്റെ പ്രതീക്ഷ.
ഏതായാലും പൊരിഞ്ഞ പോരാട്ടമാണ് പാലായിൽ നടക്കുന്നത് .