ഇന്നു വിരമിക്കുന്ന കോളജ് അധ്യാപകന് ഒരു വർഷം തടവ്;

ഇന്നു വിരമിക്കുന്ന കോളജ് അധ്യാപകന് ഒരു വർഷം തടവ്;

മൂന്നാർ ∙ ഇന്നു സർവീസിൽ നിന്ന് വിരമിക്കുന്ന കോളജ് അധ്യാപകന് ഒരു വർഷം കഠിനതടവും 5000 രൂപ പിഴയും വിധിച്ച് ദേവികുളം കോടതി. മൂന്നാർ ഗവ.ആർട്സ് കോളജ് അധ്യാപകനായിരുന്ന ആനന്ദ് വിശ്വനാഥിനെതിരെ  4 വിദ്യാർഥിനികൾ നൽകിയ പരാതിയിലെ 2 കേസുകളിലാണ് ഉത്തരവ്.

2014ലാണ് കേസിന് ആസ്പദമായ സംഭവം. 2014 ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 5 വരെ നടന്ന എംഎ ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്കിടെ തങ്ങളെ ക്ലാസ് മുറിയിൽ ഈ അധ്യാപകൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി സെപ്റ്റംബർ 16നാണ് പെൺകുട്ടികൾ പരാതി നൽകിയത്. എന്നാൽ പരീക്ഷയുടെ അവസാന ദിനമായ സെപ്റ്റംബർ 5ന് ഈ വിദ്യാർഥിനികൾ കോപ്പിയടിച്ചതായി ചൂണ്ടിക്കാട്ടി ആനന്ദ് യൂണിവേഴ്സിറ്റിക്ക് റിപ്പോർട്ട് നൽകിയിരുന്നു.

റിപ്പോർട്ട്  അന്വേഷിക്കാൻ സിൻഡിക്കറ്റ് നിയോഗിച്ച കമ്മിഷൻ ഇതിൽ 2 പെൺകുട്ടികൾക്കും പ്രിൻസിപ്പലിനും ഇൻവിജിലേറ്റർക്കും എതിരെ നടപടിക്ക് ശുപാർശ ചെയ്തു. മറ്റ് 2 പെൺകുട്ടികളെ കുറ്റവിമുക്തരാക്കുകയും ചെയ്തു.  സെപ്റ്റംബർ 16 നാണ് പെൺകുട്ടികൾ ഈ അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പിനും വനിതാ കമ്മിഷനും പരാതി നൽകിയത്. പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ 4 കേസുകളിൽ 2 എണ്ണം ആനന്ദ് കുറ്റക്കാരനല്ലെന്നു കണ്ടെത്തി കോടതി തള്ളിക്കളയുകയും മറ്റ് 2 കേസുകളിൽ കഴമ്പുള്ളതായി കണ്ടെത്തി ശിക്ഷിക്കുകയുമായിരുന്നു.

Leave A Reply
error: Content is protected !!