നാദാപുരത്ത് പൊള്ളലേറ്റ ഗൃഹനാഥന് പുറമെ മകനും മരിച്ചു

നാദാപുരത്ത് പൊള്ളലേറ്റ ഗൃഹനാഥന് പുറമെ മകനും മരിച്ചു

പാറക്കടവ്: ചെക്യാട് കായലോട്ട് താഴെ തീപ്പൊള്ളലേറ്റ് ഗൃഹനാഥൻ മരിച്ചതിന് പിന്നാലെ മകനും മരിച്ചു. 17 വയസ്സുകാരൻ സ്റ്റാലിഷ് ആണ് ഇന്ന് മരിച്ചത്. സ്റ്റാലിഷിന്റെ അച്ഛൻ കായലോട്ട് താഴെ റേഷൻ കടയ്ക്ക് സമീപം കീറിയപറമ്പത്ത് രാജു (48) ഇന്നലെ മരിച്ചിരുന്നു. രാജുവിന്റെ ഭാര്യ റീന (40), സ്റ്റഫിൻ (14) എന്നിവർക്കും പൊള്ളലേറ്റിരുന്നു. ഇവർ ഗുരുതരാവസ്ഥയിലാണ്.

ചൊവ്വാഴ്ച പുലർച്ചെ രണ്ടരമണിയോടെയാണ് സംഭവം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് രാജു മരിച്ചത്, ഇന്ന് മകനും മരണത്തിന് കീഴടങ്ങി. മറ്റുള്ളവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

തിങ്കളാഴ്ച സമീപത്തെ വിവാഹവീട്ടിൽനിന്ന് രാത്രി വൈകിയാണ് റീനയും മക്കളും തിരിച്ചെത്തിയത്. രാജു വീട്ടിൽത്തന്നെയായിരുന്നു. പുലർച്ചെ രണ്ടരമണിയോടെ വിവാഹവീട്ടിലെ ആവശ്യത്തിന് മത്സ്യം വാങ്ങാൻ പോകുകയായിരുന്ന അയൽവാസികൾ രാജുവിന്റെ വീട്ടിൽനിന്ന് കൂട്ടനിലവിളികേട്ട് ഓടിയെത്തുകയായിരുന്നു. ശരീരത്തിൽ തീപടർന്ന് പ്രാണരക്ഷാർഥം വീടിനുള്ളിൽനിന്ന് പുറത്തേക്കു കടക്കാൻ ശ്രമിക്കുന്ന വീട്ടുകാരെയാണ് കണ്ടത്.

ഉടൻതന്നെ നാലുപേരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് മാറ്റി. പാനൂരിൽനിന്ന് അഗ്നിരക്ഷസേനയെത്തിയാണ് തീയണച്ചത്. കിടപ്പുമുറി പൂർണമായി കത്തിനശിച്ചനിലയിലാണ്. കുടുംബവഴക്കാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നാദാപുരം ഡിവൈ.എസ്.പി. പി.എ. ശിവദാസിന്റെ നേതൃത്വത്തിൽ ഫൊറൻസിക്, വിരലടയാള വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തി.

 

 

Leave A Reply
error: Content is protected !!