മുംബൈയില്‍ മാസ്‌ക് ധരിക്കാത്തവർക്ക് വൻ പിഴ; ചൊവ്വാഴ്ച ലഭിച്ചത് 29 ലക്ഷം ; ഇതുവരെ 30.5 കോടി

മുംബൈയില്‍ മാസ്‌ക് ധരിക്കാത്തവർക്ക് വൻ പിഴ; ചൊവ്വാഴ്ച ലഭിച്ചത് 29 ലക്ഷം ; ഇതുവരെ 30.5 കോടി

മുംബൈ: കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയ സാഹചര്യത്തിൽ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ചൊവ്വാഴ്ച പിഴയിനത്തില്‍ ഈടാക്കിയത് 29 ലക്ഷം രൂപ. 14,600 പേരില്‍ നിന്നാണ് വൻ തുക ഈടാക്കിയത്.

2020 മാര്‍ച്ച് മുതല്‍ 15 ലക്ഷം പേരില്‍ നിന്ന് 30.5 കോടിയോളം രൂപ പിഴയായി കോര്‍പറേഷന്‍ ഈടാക്കിയതായാണ് കണക്കുകൾ .മുഖാവരണം ധരിക്കാത്തതിന് 22,976 പേരില്‍ നിന്ന് 45.95 ലക്ഷം രൂപ ഫെബ്രുവരി 23 ന് അധികൃതര്‍ ഈടാക്കി. അതെ സമയം 60 ലക്ഷത്തോളം രൂപയാണ് കഴിഞ്ഞ ആഴ്ച അവസാനം മാസ്‌ക് ലംഘനത്തിന് പിഴ ചുമത്തിയത്.

ലോക്കല്‍ ട്രെയിനുകള്‍ കൂടി സര്‍വീസ് പുനരാരംഭിച്ച സാഹചര്യത്തില്‍ അടുത്ത 15 ദിവസങ്ങള്‍ നിര്‍ണായകമാണെന്ന് മുന്‍സിപ്പല്‍ കമ്മിഷണര്‍ ഐ എസ് ചഹല്‍ ചൊവ്വാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കൂടുതല്‍ കര്‍ശനനിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കിയിരുന്നു.

അതെ സമയം പുതിയ മാനദണ്ഡങ്ങളനുസരിച്ച് പൊതു സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. മാസ്‌ക് ധരിക്കാത്തവര്‍ക്ക് 200 രൂപയാണ് പിഴ. നിയമ ലംഘകരെ കണ്ടെത്താന്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ മുന്‍സിപ്പല്‍ കമ്മിഷണര്‍ നിയമിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ദിവസേന 25,000 ത്തോളം പേര്‍ക്കാണ് മാസ്‌ക് ധരിക്കാത്തതിന് പിഴ ലഭിച്ചത്.

മുംബൈ പോലീസില്‍ നിന്നും സെന്‍ട്രല്‍ ആന്‍ഡ് വെസ്‌റ്റേണ്‍ റെയില്‍വേയില്‍ നിന്നുള്ള പിഴ കണക്കുകള്‍ ശേഖരിച്ച് ചൊവ്വാഴ്ച മുതല്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പ്രസിദ്ധീകരിക്കാനും ആരംഭിച്ചു. റെയില്‍വെ ഇതു വരെ 91,800 രൂപ പിഴത്തുക ഈടാക്കിക്കഴിഞ്ഞു. പിഴഒടുക്കാൻ സാധിക്കാത്തവർക്ക് തെരുവുകള്‍ ശുചിയാക്കുന്നതുള്‍പ്പെടെയുള്ള സാമൂഹികസേവനപരിപാടികള്‍ ചെറിയ ശിക്ഷയായി നല്‍കുകയും ചെയ്യുന്നുണ്ട്. ജനിതക വകഭേദം സംഭവിച്ച വൈറസ് ഉൾപ്പടെയുള്ള രോഗവ്യാപനം വർധിച്ചതോടെ
മഹാരാഷ്ട്രയില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ക്ക് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ നിര്‍ദേശം നല്‍കി.

Leave A Reply
error: Content is protected !!