ദൃശ്യം സിനിമയുടെ മൂന്നാം ഭാഗത്തിനുള്ള ക്ലൈമാക്സ് തയാറായി കഴിഞ്ഞെന്ന് സംവിധായകന് ജീത്തു ജോസഫ്. മോഹന്‍ലാലുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. കഥ കൂടി തയാറായാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ദൃശ്യം മൂന്ന് യാഥാര്‍ത്ഥ്യമാകുമെന്നും ജീത്തു ജോസഫ് പറഞ്ഞു.
ജോര്‍ജ് കുട്ടിയുടെയും കുടുംബത്തിന്റെയും കഥ ദൃശ്യം 2ല്‍ അവസാനിക്കുന്നില്ലെന്നാണ് സംവിധായകന് ഉറപ്പിക്കുന്നത്. രണ്ടാം ഭാഗത്തിന് ലോകമെമ്പാടും നിന്ന് കൈയടി ലഭിക്കുന്നതിനിടെ മൂന്നാം ഭാഗത്തിന്റെ സൂചനകള്‍ സംവിധായകന് നല്കി. മനസിലുള്ള ക്ലൈമാക്സ് രംഗം മോഹന്‍ലാലുമായും ആന്റണി പെരുമ്പാവൂരുമായും സംസാരിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ സിനിമ ഇറങ്ങി ആറു വര്‍ഷത്തിനപ്പുറം ആണ് രണ്ടാം ഭാഗം യാഥാര്‍ഥ്യമായത്. എന്നാല്‍ മൂന്നാം ഭാഗം അധികം വൈകാതെ ഉണ്ടാകണം എന്നതാണ് പ്രൊഡ്യൂസര്‍ ആവശ്യപ്പെട്ടതെന്ന് ജീത്തു ജോസഫ് പറഞ്ഞു. കോട്ടയം പ്രസ് ക്ലബില്‍ വിക്ടര്‍ ജോര്‍ജ് അവാര്‍ഡ് വിതരണത്തിന് എത്തിയപ്പോഴാണ് ജീത്തു ജോസഫ് ഇക്കാര്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയത്.