നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാഭരണകൂടം, പരിശോധന വർധിപ്പിക്കും

നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാഭരണകൂടം, പരിശോധന വർധിപ്പിക്കും

ആലപ്പുഴ: കോവിഡ് 19 വ്യാപനം തടയുന്നതിനായി കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ആർ.ടി.പി.സി.ആർ. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാനും തീരുമാനിച്ചതായി ജില്ലാ കളക്ടർ എ. അലക്‌സാണ്ടർ പറഞ്ഞു. ജില്ലയിലെ കോവിഡ് 19 സ്ഥിതി വിലയിരുത്തുന്നതിനായി കളക്‌ട്രേറ്റിൽ കൂടിയ ഉദ്യോഗസ്ഥതല യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

കണ്ടെയിൻമെന്റ് സോണുകളിലും ആലപ്പുഴയടക്കമുള്ള ബീച്ചുകളിലും കർശനനിയന്ത്രണം ഏർപ്പെടുത്തും. നിലവിൽ 4500-5000 ടെസ്റ്റുകളാണ് ദിവസം നടത്തുന്നത്. ഇത് 6000 ആയി വർധിപ്പിക്കും. 75 ശതമാനം ആർ.ടി.പി.സി.ആർ. ടെസ്റ്റും 25 ശതമാനം ആന്റിജൻ ടെസ്റ്റുമാണ് നടത്തുന്നത്. ബീച്ചുകളിൽ ബോധവത്കരണ ബോർഡുകൾ സ്ഥാപിക്കും. നിയന്ത്രണങ്ങൾ ഉറപ്പുവരുത്തുന്നതിനായി കൂടുതൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരെ ഇവിടെ നിയോഗിക്കും. പത്തുവയസിനുതാഴെയുള്ള കുട്ടികൾ, അറുപതുവയസിനു മുകളിലുള്ളവർ, ഗർഭിണികൾ എന്നിവർ ബീച്ചുകളിലെത്തുന്നത് ഒഴിവാക്കണം.

മാസ്‌ക് ധരിച്ചും സാമൂഹിക അകലവും കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങളും പാലിച്ചും മാത്രമേ പൊതുസ്ഥലങ്ങളിൽ എത്താവൂ. വിനോദസഞ്ചാരികൾക്ക് ഹൗസ്‌ബോട്ടുകളിൽ മാസ്‌ക്, സാനിറ്റൈസർ എന്നിവ ബോട്ട് ഉടമകൾ ഉറപ്പുവരുത്തണം. ഇക്കാര്യം സെക്ടറൽ മജിസ്‌ട്രേറ്റുമാർ പരിശോധിക്കും. കെ.എസ്.ആർ.ടി.സി. ബസ് സ്‌റ്റേഷനുകളിൽ സാനിറ്റൈസർ ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട നഗരസഭകളെയും പഞ്ചായത്തുകളെയും ചുമതലപ്പെടുത്തി. ബസിൽ കയറുന്നവർ സാനിറ്റൈസർ നിർബന്ധമായും ഉപയോഗിക്കണം.

മാർക്കറ്റുകളിൽ കൂട്ടംകൂടുന്നത് ഒഴിവാക്കണം. വിവാഹം അടക്കമുള്ള ചടങ്ങുകൾ കോവിഡ് മാർഗനിർദേശമനുസരിച്ചേ നടത്താവൂ. വിനോദസഞ്ചാരകേന്ദ്രങ്ങളിലെ കടകളിൽ ജോലി ചെയ്യുന്നവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി പ്രത്യേക പരിശോധന നടത്തും. നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ പൊലീസിനും ആരോഗ്യവകുപ്പിനും നിർദേശം നൽകി. ജില്ല പൊലീസ് മേധാവി ജി. ജയ്‌ദേവ്, സബ് കളക്ടർ എസ്. ഇലക്കിയ, ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതാ കുമാരി, വിനോദസഞ്ചാരവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ റ്റി.ജി. അഭിലാഷ്, ഡി.റ്റി.പി.സി. സെക്രട്ടറി എം. മാലിൻ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave A Reply
error: Content is protected !!