ഗുരുവായൂരിൽ ഇന്ന് ഉത്സവക്കൊടിയേറ്റ്‌

ഗുരുവായൂരിൽ ഇന്ന് ഉത്സവക്കൊടിയേറ്റ്‌

ഗുരുവായൂർ: ആയിരം ചൈതന്യകലശങ്ങളും അതിവിശേഷ ബ്രഹ്മകലശവും ചൊവ്വാഴ്‌ച ഗുരുവായൂരപ്പന് അഭിഷേകം ചെയ്തു. പത്തുദിവസത്തെ ഉത്സവത്തിന് ബുധനാഴ്‌ച രാത്രി എട്ടരയ്ക്ക് കൊടിയേറും. ഉച്ചതിരിഞ്ഞ് മൂന്നിന് മഞ്ജുളാൽത്തറയിൽനിന്ന് ക്ഷേത്രത്തിലേക്ക് ആനയോട്ടം നടക്കും. രാവിലെ ആറരയ്ക്ക് ആനയില്ലാശീവേലിയും പ്രത്യേകതയാണ്. കോവിഡ് നിയന്ത്രണമുള്ളതിനാൽ പരമാവധി ജനസാന്നിധ്യം കുറച്ചാണ് ചടങ്ങുകൾ.

ഉത്സവച്ചടങ്ങുകൾ രാത്രി ഏഴിന് ആചാര്യവരണത്തോടെ തുടങ്ങും. ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് വസ്ത്രം, പവിത്രമോതിരം, ദ്രവ്യങ്ങൾ, ദക്ഷിണ എന്നിവ തന്ത്രി ചേന്നാസ് ഹരിനമ്പൂതിരിപ്പാടിന് നൽകി ഉത്സവ ആചാര്യനായി വരിക്കും. സ്വർണക്കൊടിമരത്തിൽ തന്ത്രി കൊടി ഉയർത്തിക്കഴിഞ്ഞാൽ അത്താഴപ്പൂജയും കൊടിപ്പുറത്തുവിളക്കും നടക്കും.

ചൊവ്വാഴ്‌ച സഹസ്രകലശാഭിഷേകച്ചടങ്ങുകൾ അഞ്ചുമണിക്കൂറോളം നീണ്ടു. പന്തീരടിപൂജയ്ക്കുശേഷം അഭിഷേകം തുടങ്ങി. ആയിരം കലശങ്ങൾ ആടിയശേഷം ബ്രഹ്മകലശം കൂത്തമ്പലത്തിൽനിന്ന് ശ്രീലകത്തേക്ക് എഴുന്നള്ളിച്ചു. ബ്രഹ്മകലശം നിറച്ച സ്വർണക്കുംഭം മേൽശാന്തി മൂർത്തിയേടത്ത് കൃഷ്ണൻ നമ്പൂതിരിയും കുംഭേശകലശം ഓതിക്കൻ മൂന്നൂലം ഭവൻ നമ്പൂതിരിയും വഹിച്ചു. കീഴ്ശാന്തിക്കാരായ തേലമ്പറ്റ നാരായണൻ നമ്പൂതിരി കർക്കരികലശവും കീഴിയേടം രാമൻ നമ്പൂതിരി നീരാജനവും പിടിച്ചു. കുംഭേശകലശം ആടിയശേഷം വേദമന്ത്രങ്ങൾ ഉരുവിട്ട് തന്ത്രി ശ്രീകാന്ത് നമ്പൂതിരിപ്പാട് ബ്രഹ്മകലശം ഭഗവാന് അഭിഷേകം ചെയ്തു.

Leave A Reply
error: Content is protected !!