200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടി ശുചിത്വ പദവി

200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടി ശുചിത്വ പദവി

200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടി ശുചിത്വ പദവിയും 50 വഴിയിടം – ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രങ്ങൾ പ്രവര്‍ത്തന സജ്ജമായതിന്റെ പ്രഖ്യാപനവും ഇന്ന് വൈകിട്ട് 3 മണിക്ക് മന്ത്രി എ സി മൊയ്‌ദീൻ നിർവഹിക്കും. സര്‍ക്കാരിന്റെ 12 ഇന പരിപാടിയിൽ 500 ഗ്രാമപഞ്ചായത്തുകളെയും 50 നഗരസഭകളെയും 2021 മാര്‍ച്ചിനകം ശുചിത്വപദവിയിൽ എത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യം 2020 ഒക്ടോബറിൽ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. 589 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് അന്ന് ശുചിത്വ പദവിയിലെത്തിയത്. 200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍കൂടി ശുചിത്വ പദവി നേടുന്നതോടെ സംസ്ഥാനത്തെ എണ്ണൂറോളം തദ്ദേശ ഭരണ സ്ഥാപനങ്ങൾ ശുചിത്വ പദവിയിൽ എത്തുകയാണ്.

ജൈവ മാലിന്യം ഉറവിടത്തിൽ സംസ്കരിക്കുക, അജൈവ മാലിന്യ സംസ്കരണത്തിനാവശ്യമായ സംവിധാനം സജ്ജമാക്കുക, തുടങ്ങി വിവിധ മാനദണ്ഡങ്ങളിലായി 100 ൽ 60 മാര്‍ക്കിന് മുകളിൽ ലഭിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ശുചിത്വപദവിക്ക് അര്‍ഹത നേടിയത്. അവശേഷിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെക്കൂടി ശുചിത്വ പദവിയിലെത്തിക്കാനും തുടര്‍ന്ന് ഘട്ടം ഘട്ടമായി മുഴുവൻ തദ്ദേശ ഭരണ സ്ഥാപനങ്ങളെയും സമ്പൂര്‍ണ ശുചിത്വ പദവിയിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുന്നു.

സംസ്ഥാനത്തെമ്പാടും വഴിയിടം-ടേക്ക് എ ബ്രേക്ക് എന്ന പേരിൽ വഴിയോര വിശ്രമ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് സര്‍ക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി 1223 വഴിയോര വിശ്രമ കേന്ദ്രങ്ങളുടെ പ്രോജക്ടുകൾ വയ്ക്കുകയും ഇതിൽ 569 എണ്ണം ഇതിനകം പ്രവൃത്തി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ 50 എണ്ണം പണി പൂര്‍ത്തിയായി പ്രവര്‍ത്തന സജ്ജമായതിന്റെ സംസ്ഥാനതല പ്രഖ്യാപനമാണ് നടക്കുന്നത്. വരും ദിവസങ്ങളിൽ തന്നെ അഞ്ഞൂറോളം ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രങ്ങൾ പണിപൂര്‍ത്തിയായി പ്രവര്‍ത്തന സജ്ജമാകും. സംസ്ഥാനത്തിന്റെ വിവിധ റോഡുകളിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ഈ വഴിയോര വിശ്രമ കേന്ദ്രങ്ങൾ ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

Leave A Reply
error: Content is protected !!