അപ്പോ മേജറെ അടുത്ത വെടി എന്നാ പൊട്ടിക്കുന്നേ ? നിൽക്കണോ പോണോ ?

അപ്പോ മേജറെ അടുത്ത വെടി എന്നാ പൊട്ടിക്കുന്നേ ? നിൽക്കണോ പോണോ ?

പത്താംക്ലാസില്‍ തോറ്റിട്ട് വീട്ടില്‍നിന്നും കട്ടെടുത്ത പതിനാറു രൂപയുമായി നാടുവിട്ടയാള്‍,
പട്ടിണി മാറ്റാന്‍ മുബൈയിലെ ഹോട്ടലില്‍ വെയറ്ററായി ജോലി ചെയ്തവന്‍,
ആത്മാഭിമാനം സമ്മതിക്കാഞ്ഞതിനാല്‍ അമ്മാവന്‍ കൊടുത്ത 100 രൂപ വേണ്ടെന്ന് പറഞ്ഞ് ഇറങ്ങിപ്പോയവന്‍,

ഒരു സാദാ പട്ടാളക്കാരനായി തുടങ്ങി ഒഴിവുസമയത്ത് പത്താംക്ലാസും പ്രീഡഗ്രിയും ഡിഗ്രിയുമെടുത്ത് കമാന്‍ഡോയും മേജറും ഒക്കെയായ മിടു മിടുക്കന്‍,
കാശ്മീരിലും സുവര്‍ണ്ണക്ഷേത്രത്തിലും രാജീവ്ഗാന്ധി വധക്കേസിലുമൊക്കെ കമാന്‍ഡോ ഓപ്പറേഷന്റെ ചുക്കാന്‍ പിടിച്ചവന്‍,

അവസാനം തോക്കു കൊണ്ടുള്ള ഷൂട്ടിംഗ് അവസാനിപ്പിച്ച് ദേശസ്‌നേഹം ഉയര്‍ത്തിപ്പിടിച്ച പട്ടാളക്കഥകള്‍ കാമറകൊണ്ട് ഷൂട്ട് ചെയ്ത് അഭ്ര പാളികളിൽ മലയാളിയെ ത്രസിപ്പിച്ച സംവിധായകന്‍,
അങ്ങനെ എത്രയെത്ര വീരകഥകളാണ് ഈ മനുഷ്യനെപ്പറ്റി നാം കേട്ടിരിക്കുന്നത്.

ജീവിതത്തില്‍ നേരിടേണ്ടിവന്ന എല്ലാ പ്രതിസന്ധികളോടും യുദ്ധംചെയ്ത് ഒരു ജീവിതം കരുപ്പിടിപ്പിക്കുവാൻ നടത്തിയ പോരാട്ടത്തിൽ വിജയിച്ച പോരാളിയാണ് മേജര്‍ എ. കെ. രവീന്ദ്രന്‍ എന്ന മേജര്‍ രവി .

ആര്‍മിയില്‍നിന്ന് റിട്ടയര്‍ ചെയ്തശേഷം സിനിമ സംവിധാനം ചെയ്യണം എന്ന അടങ്ങാത്ത മോഹവുമായി എത്തിയത് ഒരു സിംഹത്തിന്റെ മടയില്‍തന്നെ. മലയാളത്തില്‍ തുടങ്ങി പിന്നീട് ബോളിവുഡിലെ കോടികളുടെ കിലുക്കമുള്ള സംവിധായകന്‍ പ്രിയദര്‍ശന്റെ സഹായിയാട്ടായിരുന്നു തുടക്കം.

മോഹൻലാലിന്റെ മകന്‍ പ്രണവിന്റെ ആദ്യമലയാളചിത്രം പുന:ര്‍ജനി സംവിധാനം ചെയ്തു. കീര്‍ത്തിചക്ര ഗംഭീര തുടക്കമായിരുന്നു. തുടര്‍ന്ന് മിഷന്‍ 90 ഡേയ്‌സ്, കുരുക്ഷേത്ര, കാണ്ഡഹാര്‍, പിക്കറ്റ് 43… പിന്നെ അഭിനയവും സംവിധാനവുമായി നീണ്ട സിനിമാ ജീവിതം.

രാജ്യസ്‌നേഹത്തെക്കുറിച്ചുള്ള സിനിമകള്‍ എടുത്തെടുത്ത് നേരന്ദ്രമോദിയുടെ കടുത്ത ആരാധകനായി .
സ്വാഭാവികമായും സംഘപരിവാര്‍ അനുകൂലിയെന്ന പേര് താമസിയാതെ ചാര്‍ത്തിക്കിട്ടി. ഒരു ടെലിവിഷന്‍ ചര്‍ച്ചയുമായി ബന്ധപ്പെട്ട് തുപ്പല്‍ വിവാദവുംകൂടിയായപ്പോള്‍ സംഭവം ജഗപൊകയായി

കമാന്‍ഡോ ആക്രമണിത്തിലൂടെ ഭീകരവാദികളെ ഞെട്ടിച്ച മേജര്‍ കഴിഞ്ഞദിവസം സര്‍വ മലയാളിയേയും ഞെട്ടിച്ചു.

സംസ്ഥാന ബി.ജെ.പിയിലെ 90 ശതമാനം നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നും തനിക്കെന്തു കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കള്‍ക്കും ഉള്ളതെന്നുമായിരുന്നു മേജർ രവി ആദ്യം പൊട്ടിച്ച വെടി .

ബി.ജെ.പി.ക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയിട്ടും തെരഞ്ഞെടുപ്പിനു ശേഷം ഒരൊറ്റ നേതാവും നന്ദി പറയാന്‍ പോലും തന്നെ വിളിഞ്ഞതാണ് മേജറിന്റെ പ്രധാന സങ്കടം. ഇനി ബിജെപി നേതാക്കള്‍ക്കായി എവിടെയും പ്രസംഗിക്കാന്‍ പോകില്ലന്ന് പ്രതിജ്ഞയെടുത്തു .

രാജ്യത്തിന്റെ ശത്രുക്കളോട് ഒട്ടും കരുണയില്ലെങ്കിലും സ്‌നേഹത്തിന്റെ മുന്‍പില്‍ മേജര്‍ ഒരു ദുര്‍ബലഹൃദയനാണ്. നിമിഷാദ്ധംകൊണ്ട് കണ്ണു നിറയും. ടെലിവിഷന്‍ ഷോകളില്‍ ജനം അത് കണ്ട് വിങ്ങിക്കരഞ്ഞിട്ടുള്ള സംഭവവും ഉണ്ടായിട്ടുണ്ട് .

മേജര്‍ ഇങ്ങനെ ഞെട്ടിക്കുന്നത് ഇത് ആദ്യമല്ല. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി പ്രചാരണം നടത്തികൊണ്ടിരിക്കുമ്പോള്‍തന്നെ എറണാകുളം മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ത്ഥിയായ പി രാജീവിന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാനുമെത്തിയിരുന്നു .

‘വേദിയിലും സദസ്സിലുമിരിക്കുന്ന ബഹുമാന്യരെ, സഖാക്കളെ..’ എന്ന സംബോധന കേട്ട് ശരിക്കും ഞെട്ടിയത് ഇടതുപക്ഷക്കാരാണ്.

രാജീവിനുവേണ്ടി വോട്ടു ചോദിച്ചതിന് വ്യക്തമായ ഒരു കാരണം പറയാനുണ്ടായിരുന്നു. മേജറിന്. അത് എന്താണെന്നല്ലേ.. വെറും മനുഷ്യത്വം. കോടിയേരി ബാലകൃഷ്ണനുവേണ്ടിയും പ്രസംഗിച്ചിട്ടുണ്ട്. പിണറായിയോടും ആരാധനയുണ്ട്.എന്നാണ് അദ്ദേഹം പറഞ്ഞത് .

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ മേജര്‍ രവി പങ്കെടുത്തതോടെ ആദ്യവെടിയുടെ ഉന്നം ബിജെപി.ക്ക് പിടികിട്ടി. ഞാന്‍ ഒരു രാഷ്ട്രീയക്കാരനല്ലെന്ന് മേജര്‍ അവിടെ പറഞ്ഞെങ്കിലും ആരും വിശ്വസിച്ചില്ല.

പക്ഷേ ഈ തെരഞ്ഞെടുപ്പില്‍ തന്റെ പിന്തുണ കോണ്‍ഗ്രസിനാണെന്ന് മേജര്‍പറഞ്ഞു. പതിവുപോലെ കാരണവും പറഞ്ഞു.. നമ്മുടെ സ്ഥലത്ത് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമൊക്കെ വരുമ്പോള്‍ അവരെ പോയി കാണേണ്ടേ…

എന്നാല്‍ മേജര്‍ രവി ബി.ജെ.പി അംഗമല്ലെന്നും ഒരു വിമുക്ത ഭടന്‍ എന്ന നിലയില്‍ മാത്രമാണ് പാര്‍ട്ടി അദ്ദേഹത്തെ പരിഗണിച്ചിരുന്നതെന്നും ബിജെപി വക്താവ് സന്ദീപ് വാര്യര്‍ തിരിച്ചടിച്ചു .

മോദിആരാധകനായി അറിയപ്പെട്ടിരുന്ന മേജറിന്റെ മനം മാറ്റത്തിന്റെ കാരണം വ്യക്തമല്ല. നരേന്ദ്ര മോദി സര്‍ക്കാറില്‍ നിന്നും വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നുമാത്രമാണ് ഇപ്പോഴുള്ള ഊഹാപോഹങ്ങള്‍.

കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷനുമായി മേജര്‍ രവി ആലുവയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെ മേജറെ ബിജെപിയിലേയക്ക് മടക്കിക്കൊണ്ടു വരുവാന്‍ ബിജെപി ആര്‍എസ്എസ് നേതാക്കാള്‍ രംഗത്തിറങ്ങിയതായും വാര്‍ത്ത കേട്ടു .

ദാ അടുത്ത മേജറിന്റെ വക ഒരു വെടി പൊട്ടി . അദ്ദേഹത്തിന്റെ ഫെയിസ്ബുക്ക് പേജില്‍ വീഡിയോ പ്രത്യക്ഷപെട്ടു

ജനങ്ങള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന ഒരു പാര്‍ട്ടിയെ കുറിച്ച് താന്‍ ആലോചിക്കുന്നുവെന്നും ജനങ്ങള്‍ക്കായി ഇറങ്ങുകയെന്നതാണ് തന്റെ ഇനിയുള്ള നീക്കമെന്നു അദ്ദേഹം പ്രഖ്യാപിച്ചു .

ഇപ്പോള്‍തന്നെ മൂന്നോ നാലോ പാര്‍ട്ടികളുടെ പേരൊക്കെയേ നാട്ടുകാര്‍ക്ക് അറിയൂ… ബാക്കിയൊക്കെ പിസിയും ഗണേഷും അനൂപും ഒക്കെയുള്ള ഒറ്റയാൾ പട്ടാളങ്ങളാണ് . ചില പാര്‍ട്ടികളുടെ മന്ത്രിമാരെ മാത്രം മാധ്യമങ്ങളില്‍ കണ്ടിട്ടുണ്ട്. അണികളൊക്കെ എവിടാണോ എന്തോ?

ഇനി ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നാണ് മേജര്‍ പറയുന്നത്. അത് തന്നെയാണ് വേണ്ടത് , എല്ലാം ജനം തീരുമാനിക്കട്ടെ , നമുക്ക് കാത്തിരിക്കാം .

Leave A Reply
error: Content is protected !!