വികസനത്തുടര്‍ച്ച കേരളത്തിന്റെ ഭാവിയുടെ അനിവാര്യത : കടകംപള്ളി സുരേന്ദ്രന്‍

വികസനത്തുടര്‍ച്ച കേരളത്തിന്റെ ഭാവിയുടെ അനിവാര്യത : കടകംപള്ളി സുരേന്ദ്രന്‍

കേരളം കൈവരിച്ച വികസന നേട്ടങ്ങളുടെ തുടര്‍ച്ച നാടിന്റെ ഭാവിയുടെ അനിവാര്യതയാണെന്നു സഹകരണം – ടൂറിസം – ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരളത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ലാത്ത വികസന മുന്നേറ്റമാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച സുസ്ഥിര വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളത്തിലെ ഒരാളെപ്പോലും ഒഴിവാക്കാത്ത വികസന പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കി മന്ത്രി പറഞ്ഞു. സമൂഹത്തിലെ ഓരോ പൗരനും മാറ്റങ്ങള്‍ അനുഭവവേദ്യമാണ്. സര്‍ക്കാരിനെ എതിര്‍ക്കുന്നവര്‍പോലും തലകുലുക്കി സമ്മതിക്കുന്ന കാര്യമാണിത്. ജനാധിപത്യ സംവിധാനത്തില്‍ ഭരിക്കുന്ന സര്‍ക്കാരിനോട് പ്രതിപക്ഷ എതിര്‍പ്പും വാക്‌പോരും സ്വാഭാവികമാണ്. ഈ എതിര്‍പ്പുകള്‍ക്കും വാഗ്വാദങ്ങള്‍ക്കുമിടയിലും കേരളമാകെ ഉണ്ടായിട്ടുള്ള വികസന മുന്നേറ്റത്തെക്കുറിച്ച് ആര്‍ക്കും ആക്ഷേപമില്ല. അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കുക, സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ മഹാഭൂരിപക്ഷത്തിനും സൗകര്യമൊരുക്കുക, വ്യാവസായിക രംഗത്തെ വികസനം ത്വരിതപ്പെടുത്തുക തുടങ്ങിയവയിലെല്ലാം വളരെ മുന്നോട്ടുപോകാന്‍ കേരളത്തിനു കഴിഞ്ഞു.

ഐക്യരാഷ്ട്ര സംഘടന മുന്നോട്ടുവച്ചിട്ടുള്ള 2030ലെ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ഏറെ ദൂരം മുന്നോട്ടുപോകാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ വികസന യാത്രയില്‍ വരുന്ന പത്തു വര്‍ഷങ്ങള്‍ നിര്‍ണായകമാണ്. സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊതുജനങ്ങളുടെ സഹകരണത്തോടെ ഈ ലക്ഷ്യപ്രാപ്തി കൈവരിക്കുന്നതിനുള്ള അക്ഷീണ പ്രയത്നം നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍(കില) എന്നിവരുടെ സഹകരണത്തോടെയാണു പി.ആര്‍.ഡി. സെമിനാര്‍ സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. ജലീല്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ജോണ്‍ വി. സാമുവല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജി. ബിന്‍സിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ – 2030 പ്രാദേശിക വികസന അജണ്ട എന്ന വിഷയത്തില്‍ കില റിസേര്‍ച്ച് അസോസിയേറ്റ് ആര്‍.വി. രാജേഷ് ക്ലാസെടുത്തു. ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ – ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജില്ലാ പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവരും പങ്കെടുത്തു.

Leave A Reply
error: Content is protected !!