കൂരോപ്പട : പട്ടാപ്പകൽ അജ്ഞാതൻ വീട്ടമ്മയെ ആക്രമിച്ച് മാലയുമായി കടന്നു. ളാക്കാട്ടൂർ സ്രായിൽ ജഗദമ്മയാണ് അക്രമത്തിന് ഇരയായത്. നമ്പർപ്ലേറ്റ് ഇല്ലാത്ത കാറിലെത്തിയ അക്രമിയാണ് വീട്ടമ്മയെ ആക്രമിച്ചത് .
അടുത്തിടെയായി ചുവപ്പുകളറിലുള്ള മാരുതി കാർ ഈ പ്രദേശത്തു കറങ്ങിനടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടിരുന്നു. എന്നാൽ തിങ്കളാഴ്ച ഈ കാറുമായി ഒരാൾ ളാക്കാട്ടൂർ എം.ജി.എം.സ്കൂളിന് സമീപത്തുള്ള വീട്ടിൽ കുപ്പിയിൽ വെള്ളം എടുക്കാനെന്ന വ്യാജേന എത്തിയിരുന്നു. നമ്പർപ്ലേറ്റ് ഇല്ലാതിരുന്നതിനാൽ സംശയം തോന്നിയ വീട്ടുകാർ അവരെ വെള്ളം എടുക്കാൻ സമ്മതിക്കാതെ പറഞ്ഞുവിടുകയായിരുന്നു.അവിടെനിന്നിറങ്ങിയ അക്രമി റോഡരികിൽ നിന്ന ജഗദമ്മയുടെ മാല പൊട്ടിച്ചു.
ആക്രമണത്തെ പ്രതിരോധിച്ച ജഗദമ്മയേയും വലിച്ചുകൊണ്ട് കാർ കുറച്ചുദൂരം നീങ്ങിയതിനുശേഷം വഴിയിൽ തള്ളിയിടുകയായിരുന്നു. ഈ വീഴ്ചയിലാണ് ജഗദമ്മക്ക് കൈക്കും കാലിലും പരുക്ക് സംഭവിച്ചത്. നിലവിളികേട്ട് ഓടിക്കൂടിയ പ്രദേശവാസികളാണ് ജഗദമ്മയെ ആശുപത്രിയിൽ എത്തിച്ചത്. അതെ സമയം മാലയുടെ ഒരു ഭാഗം മാത്രമാണ് തിരിച്ചുകിട്ടിയത്.