ബൈക്ക് വാങ്ങാനെത്തി ; സംഘം വിദ്യാർഥിയെ മർദിച്ച് കാറും നാലരലക്ഷവുമായി കടന്നു

ബൈക്ക് വാങ്ങാനെത്തി ; സംഘം വിദ്യാർഥിയെ മർദിച്ച് കാറും നാലരലക്ഷവുമായി കടന്നു

കൊട്ടാരക്കര : ബൈക്ക് വാങ്ങാനെത്തിയവർ വിദ്യാർഥിയെ മർദ്ദിച്ച് നാലരലക്ഷം രൂപയും കാറും സ്വർണമാലയും മൊബൈൽ ഫോണുമായി മുങ്ങി. കഴിഞ്ഞ ദിവസം ഒന്നോടെ പുത്തൂർമുക്ക്-പട്ടാഴി റോഡിൽ അന്തമൺ പാലത്തിനുസമീപമായിരുന്നു നാട്ടുകാരെ അമ്പരപ്പിച്ച സംഭവം .

പട്ടാഴി തെക്കേത്തേരി ഗായത്രിയിൽ വിജയകുമാറിന്റെ മകൻ അജയ് സൂര്യ(21)യാണ് മൂന്നംഗ സംഘത്തിന്റെ ആക്രമണത്തിനിരയായത്. ഡൽഹിയിൽ ഫോറൻസിക് സയൻസ് മൂന്നാംവർഷ വിദ്യാർഥിയാണ്. വിജയകുമാറും അജയ് സൂര്യയും ചേർന്ന് സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെ വിൽപ്പന നടത്തിയിരുന്നു.ബൈക്ക് വാങ്ങാനെന്ന് പറഞ്ഞാണ് മുണ്ടക്കയത്തുനിന്നുള്ള മൂന്നുപേർ തിങ്കളാഴ്ച ഇവരുടെ വീട്ടിലെത്തിയത്.

കരാറിൽ ഉടമ്പടി എഴുതാനായി രണ്ട്‌ കാറകളിലായി സംഘവും അജയ് സൂര്യയും ഏനാത്തേക്കുപോയി. അന്തമൺ പാലത്തിനടുത്തെത്തിയപ്പോൾ സംഘത്തിലൊരാൾ പ്രാഥമികാവശ്യം നിർവഹിക്കാനായി വാഹനം നിർത്താൻ ആവശ്യപ്പെട്ടു.

പെട്ടെന്ന് പിന്നിലിരുന്നയാൾ അജയ് സൂര്യയുടെ മാലയിൽ പിടിക്കുകയും മറ്റൊരാൾ മർദ്ദിച്ച് കാറിനുപുറത്തേക്ക് തള്ളുകയുമായിരുന്നു. അജയ്‌യുടെ പതിനയ്യായിരത്തോളം രൂപയടങ്ങിയ പഴ്‌സും മൂന്നുപവൻ വരുന്ന മാലയും 20,000 രൂപ വിലവരുന്ന മൊബൈൽ ഫോണും കവർന്ന സംഘം കാറുമായി അതിവേഗത്തിൽ പോയി .അതെ സമയം മറ്റു രണ്ട്‌ ഇടപാടുകാർക്ക്‌ നൽകാനായി കരുതിയിരുന്ന 4.2 ലക്ഷം രൂപയും കാറിലുണ്ടായിരുന്നതായി അജയ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

Leave A Reply
error: Content is protected !!