ചെങ്കോട്ട അക്രമം: ഡൽഹി പോലീസ് തെരയുന്ന ലാഖ സിദ്ധാന പഞ്ചാബ് മുഖ്യമന്ത്രിയുടെ നാട്ടിൽ
ഛണ്ഡിഗഡ്: റിപ്പബ്ലിക് ദിന പരേഡിനിടെ നടന്ന ചെങ്കോട്ട അക്രമവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് തെരയുന്ന ലാഖ സിദ്ധാന പഞ്ചാബ് മുഖ്യമന്ത്രിയുടെ നാട്ടിലെന്ന് റിപ്പോർട്ട് .
അമരീന്ദർ സിംഗിന്റെ ജന്മനാടായ പഞ്ചാബിലെ മെഹ്രജിൽ നടന്ന റാലിയിലാണ് സിദ്ധാനയെ കണ്ടത് . സിദ്ധാന തന്നെയാണ് റാലിക്ക് ആഹ്വാനം ചെയ്തത്. കർഷക സമരത്തെ അനുകൂലിച്ചും അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു റാലി.ബതിണ്ഡ ജില്ലയിലെ മെഹ്രജ് ഗ്രാമത്തിലായിരുന്നു റാലി.
പഞ്ചാബിലെ ആരെയെങ്കിലും ഡൽഹി പോലീസ് അറസ്റ്റ് ചെയ്യാൻ എത്തിയാൽ പഞ്ചാബിലെ ഗ്രാമങ്ങളിലുള്ളവർ അവരെ വളയുമെന്ന് സിദ്ധാന അഭിപ്രായപ്പെട്ടു . ഫേസ്ബുക്കിലൂടെയാണ് സിദ്ധാന പ്രതിഷേധ റാലിക്ക് ആഹ്വാനം നൽകിയത്. ഗുണ്ടാത്തലവനില്‍ നിന്ന് രാഷ്ട്രീയപ്രവര്‍ത്തകനായി മാറിയ ആളാണ് സിദ്ധാന. ഇയാൾക്കെതിരെ പഞ്ചാബിൽ പത്തോളം ക്രമിനൽ കേസുകൾ നിലനിൽക്കുന്നുണ്ട് .