ആലപ്പുഴ : പതിനൊന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും പിഴയും . കായംകുളം ചേരാവള്ളി സ്വദേശി ഉണ്ണികൃഷ്ണ (51)നെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് പ്രത്യേക കോടതി 10 വർഷം കഠിന തടവിനും 75000 രൂപ പിഴയും ശിക്ഷ വിധിച്ചത് .പിഴത്തുക കുട്ടിക്ക് നൽകണം. ഒപ്പം വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ എന്നിവ ഒരുക്കുന്നതിനു ലീഗൽ സർവീസസ് അതോറിറ്റിക്കു കോടതി നിർേദശം നൽകി.
പോക്സോ നിയമപ്രകാരമുള്ള കുറ്റം ചെയ്തതായി കണ്ടെത്തിയ കോടതി ഉണ്ണികൃഷ്ണന് 30വർഷത്തെ ശിക്ഷയാണു വിധിച്ചത്. ഓരോ കുറ്റത്തിനും 10 വർഷം വീതം ശിക്ഷയാണ്. ശിക്ഷ എല്ലാം ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നതിനാൽ 10 വർഷമാകും.
2016 ജനുവരി രണ്ടിനാണു കേസിനാസ്പദമായ സംഭവം നടന്നത്. ഒപ്പം താമസിച്ച സ്ത്രീയുടെ 11 വയസ്സുള്ള മകളെ ഇയാൾ തുടർച്ചയായി പീഡിപ്പിച്ചെന്നാണു കേസ്. ഇയാളോടൊപ്പം താമസിച്ചിരുന്ന സ്ത്രീയെ രണ്ടാം പ്രതിയാക്കിയെങ്കിലും കുറ്റക്കാരിയല്ലെന്നു കണ്ടെത്തിയിരുന്നു.