അക്ഷയോർജ്ജ അവാർഡ് 2019 വിതരണം ചെയ്തു

അക്ഷയോർജ്ജ അവാർഡ് 2019 വിതരണം ചെയ്തു

തിരുവനന്തപുരം: അക്ഷയോർജ്ജ രംഗത്ത് ഫലപ്രദമായി പ്രവർത്തിക്കുന്ന വ്യക്തികളേയും സ്ഥാപനങ്ങളേയും പ്രോത്സാഹിപ്പിക്കുന്നതിന് ഏജൻസി ഫോർ ന്യൂ ആന്റ് റിന്യൂവബിൾ എനർജി റിസർച്ച് ആന്റ് ടെക്നോളജി (അനെർട്ട്) നൽകുന്ന സംസ്ഥാന അക്ഷയോർജ്ജ അവാർഡ് 2019  വിതരണം ചെയ്തു. അനെർട്ടിന്റെ ആസ്ഥാന മന്ദിരത്തിൽ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. വൈദ്യുത മന്ത്രി എം. എം. മണി അദ്ധ്യക്ഷത വഹിച്ചു.

സമഗ്ര സംഭാവനയ്ക്കുളള വ്യക്തിഗത അവാർഡ്  പ്രൊ. വി.കെ. ദാമോദരൻ വി. കെ. പ്രശാന്തിൽ എം.എൽ.എയിൽ നിന്നും ഏറ്റുവാങ്ങി.  ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. മികച്ച വ്യവസായ സ്ഥാപനങ്ങൾക്കുളള അവാർഡ് മലയാള മനോരമയും നീലാമ്പരി എക്സ്പോർട്ടും പങ്കിട്ടു. പഞ്ചായത്തിന്റെ പരിധിയിലുളള എല്ലാ പൊതു സ്ഥാപനങ്ങളിലും സോളാർ പ്ലാന്റുകൾ സ്ഥാപിച്ച് മികവു തെളിയിച്ച തൃശ്ശൂർ ജില്ലയിലെ പെരിഞ്ഞയം ഗ്രാമ പഞ്ചായത്താണ് മികച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനം. മികച്ച വിദ്യാഭ്യാസ സ്ഥാപനം കോഴിക്കോട് നാഷണൽ സ്‌കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിനാണ്. മികച്ച വാണിജ്യ സ്ഥാപനങ്ങൾക്കുളള അവാർഡ് കാലിക്കറ്റ് സർവ്വകലാശാല കോ-ഓപ്പറോറ്റീവ് സ്റ്റോഴ്സ് ലിമിറ്റഡും, തൃശ്ശൂർ വലപ്പാട്ട് ക്ലിനിക്ക് ഡെൻസ്ട്രിയും പങ്കിട്ടു.

ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ വിഭാഗത്തിൽ കോഴിക്കോട് കെയർ ഹോം ഹെൽപിംഗ് ഹാൻസിനാണ് അവാർഡ്.  അക്ഷയോർജ്ജരംഗത്ത് പ്രവർത്തിക്കുന്ന മികച്ച വ്യവസായ സ്ഥാപനങ്ങളുടെ അവാർഡ് എറണാകുളം ഗ്രീൻ സോളാർ പ്രൈവറ്റ് ലിമിറ്റഡും സ്പെക്ട്രം ടെക്നോ പ്രോഡക്റ്റ്സും പങ്കിട്ടു. ഡോ. സുസ്മിത മോഹൻ അന്തിക്കാട് (റിസർച്ച് ആന്റ് ഇന്നവെഷൻ വിഭാഗം), നിഖിൽ പി.ജി. അയ്യന്തോൾ, രാജൻ.പി.എം. കോഴിക്കോട് (വ്യക്തിഗത വിഭാഗം) എന്നിവർ പ്രശസ്തി പത്രത്തിന് അർഹരായി. കൗൺസിലർ മേരി പുഷ്പം, അനെർട്ട് ഡയറക്ടർ അമിത് മീണ, എനർജി മനേജ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ. ആർ. ഹരികുമാർ, അനെർട്ട് ജനറൽ മാനേജർ പി. ചന്ദ്രശേഖരൻ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ അനീഷ്. എസ്. പ്രസാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അനെർട്ട് ടെക്നിക്കൽ ഡയറക്ടർ പി. വത്സരാജ് റിപ്പോർട്ട് അവതരിപ്പിച്ചു.

Leave A Reply
error: Content is protected !!