അടുത്തിടെയാണ് എൻ.ഒ.സി ഇല്ലാതെ തൊഴിൽമാറ്റം, മിനിമം വേതന നിയമം എന്നിവ ഖത്തറിലെ തൊഴിൽമേഖലയിൽ നടപ്പിലാക്കിയത്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയാണ് പുതിയ തൊഴിൽ നിയമം അംഗീകരിച്ച് രാജ്യത്ത് ഉത്തരവിറക്കിയത്. നിയമപ്രകാരം എൻ.ഒ.സി ഇല്ലാതെതന്നെ തൊഴിലാളിക്ക് നിബന്ധനക്ക് വിധേയമായി തൊഴിൽ മാറാൻ കഴിയും.
വീട്ടു ജോലിക്കാർ ഉൾപ്പടെയുള്ള മുഴുവൻ തൊഴിലാളികൾക്കും 1000 റിയാൽ മിനിമം വേതനം നൽകണം. ന്യായമായ താമസസൗകര്യവും ഭക്ഷണവും നൽകുന്നില്ലെങ്കിൽ തൊഴിലാളിയുടെ താമസ ചെലവിനായി 500 റിയാലും ഭക്ഷണ അലവൻസിനായി 300 റിയാലും ഇതിനു പുറമേ നൽകാനും നിയമം ഉണ്ട് . മിനിമം വേതനം കാലാനുസൃതമായി പുതുക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമായി മിനിമം വേജ് കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്യും.
മധ്യേഷ്യയിൽ ഇത്തരം നിയമം നടപ്പാക്കുന്ന ആദ്യ രാജ്യമാണ് ഖത്തർ. തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കിക്കൊണ്ട് ഇറക്കിയ പുതിയ തൊഴിൽ നിയമം ലംഘിക്കുന്നവർക്ക് ഇനി ശിക്ഷ കടുക്കും .നിയമലംഘകർക്ക് 10,000 റിയാൽ പിഴയും ഒരു വർഷം വരെ തടവും ലഭിക്കും. ഭരണനിർവഹണ വികസന തൊഴിൽ സാമൂഹിക മന്ത്രാലയത്തിലെ തൊഴിൽ പരിശോധനാ വിഭാഗം മേധാവി ഫഹദ് അൽ ദോസരിയാണ് ഇക്കാര്യം പുറത്തുവിട്ടത്. നേരത്തെ നിയമലംഘകർക്ക് 6000 റിയാൽ പിഴയും ഒരു മാസം വരെ തടവുമായിരുന്നു ശിക്ഷ.
എൻ.ഒ.സി ഇല്ലാതെയുള്ള തൊഴിൽ മാറ്റം തൊഴിലാളിക്കും തൊഴിലുടമക്കും വളരെ നല്ലതാണെന്ന് വിലയിരുത്തപ്പെടുന്നു. നിലവിലുള്ള തൊഴിൽ കരാർ കഴിയുന്നതിനു മുമ്പുതന്നെ തൊഴിൽ ഉടമയുടെ എൻ.ഒ.സി ഇല്ലാതെതന്നെ ജോലി മാറാൻ കഴിയും. എന്നാൽ, ഇതു നിബന്ധനകൾക്ക് വിധേയമായിരിക്കും .