അഹ്മദാബാദ്: ഗുജറാത്തിലെ ആറ് മുനിസിപ്പൽ കോർപറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് മുന്നേറ്റം. ആറ് മുനിസിപ്പൽ കോർപറേഷനുകളിലെ 576 സീറ്റുകളിലേക്കാണ് മത്സരം നടന്നത് . 286 സീറ്റുകൾ നേടി ബി.ജെ.പി ലീഡ് ചെയ്യുകയാണ്. 42 സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് നേടാനായത്.
അഹ്മദാബാദ് കോർപറേഷനിൽ ബി.ജെ.പി 81 സീറ്റുകളിലും കോൺഗ്രസ് 16 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. സൂറത്തിൽ ബി.ജെ.പിക്ക് 56 സീറ്റിലും കോൺഗ്രസ് എട്ടു സീറ്റിലും വിജയിച്ചു . അതെ സമയം സൂറത്തിൽ ആം ആദ്മി പാർട്ടി മുന്നേറുന്നുണ്ടെന്നാണ് വിവരം.
വഡോദരയിൽ ബി.ജെ.പി 27 സീറ്റുകളിലും കോൺഗ്രസ് എട്ടു സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. രാജ്കോട്ടിൽ 48 സീറ്റുകളിൽ ഏകപക്ഷീയമായാണ് ബി.ജെ.പിയുടെ മുന്നേറ്റം.ഭാവ്നഗറിൽ ബി.ജെ.പി 20 സീറ്റുകളിലും കോൺഗ്രസ് ഏഴുസീറ്റുകളിലും മുന്നേറുന്നുണ്ട്. ജാംനഗറിൽ 23 സീറ്റിൽ ബി.ജെ.പി കുതിച്ചപ്പോൾ കോൺഗ്രസ് ആറു സീറ്റിലേക്ക് മാത്രമായി ചുരുങ്ങി.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നിർണായകമാകുമെന്നാണ് വിലയിരുത്തൽ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടി ആദ്യമായി ഗുജറാത്തിൽ മത്സരിക്കാനിറങ്ങിയ തെരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും കൂടിയുണ്ട് .