പയ്യന്നൂർ: മൂന്ന് ദിവസം മുൻപ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കൾ മരിച്ചു. ചിറ്റാരിക്കല്‍ എളേരിത്തട്ടിലെ ശിവപ്രസാദ് (25 ), ഏഴിലോട് പുറച്ചേരി സ്വദേശിനി ആര്യ( 21) എന്നിവരാണ് മരിച്ചത്. പയ്യന്നൂരിലെ വാടക ക്വാട്ടേഴ്സിൽ വെച്ചായിരുന്നു ആത്മഹത്യാ ശ്രമം. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ ചികിത്സക്കിടയിലാണ് മരിച്ചത്.
സാരമായി പൊള്ളലേറ്റ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ആര്യ കഴിഞ്ഞ രാത്രിയും ശിവപ്രസാദേ ഇന്നു പുലർച്ചെയുമാണ് മരണത്തിന് കീഴടങ്ങിയത്.
19ന് ഹിന്ദിയുടെ പരീക്ഷ അവസാനിക്കുന്നതിന് മുമ്പ് മൂന്നരയോടെ പരീക്ഷാഹാളില്‍നിന്നും പുറത്തിറങ്ങിയതായിരുന്നു ആര്യ. ശിവപ്രസാദ് കൊണ്ടുവന്ന കാറിലാണ് വാടക വീട്ടിലെത്തിയതും തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ചതും. മറ്റൊരു യുവാവുമൊത്തുള്ള ആര്യയുടെ വിവാഹ നിശ്ചയം നടക്കാനിരിക്കേയാണ് സംഭവം.
ഒന്നിച്ചു ജീവിക്കാന്‍ പറ്റാത്തതിനാല്‍ മരണത്തിലെങ്കിലും ഞങ്ങള്‍ ഒന്നിക്കട്ടെയെന്നും മൃതദേഹങ്ങള്‍ ഒന്നിച്ച് ദഹിപ്പിക്കണമെന്നും എഴുതിയ കത്ത് സംഭവ സ്ഥലത്തുനിന്നും പോലീസിന് ലഭിച്ചിരുന്നു. ശിവപ്രസാദ് എഴുതിയതെന്ന് കരുതുന്ന കത്തില്‍ തങ്ങളുടെ മരണത്തിന് ആരും ഉത്തരവാദികളല്ലയെന്നും ഞങ്ങളോട് എല്ലാവരും ക്ഷമിക്കണമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജിലെത്തിച്ച ശേഷം അബോധാവസ്ഥയിലാകുന്നതിന് മുമ്പ് എന്നെ ചതിച്ചതാണ് എന്നാണ് യുവതി പറഞ്ഞിരുന്നത്. ഈ വാക്കുകളിലെ ദുരൂഹതകളുടെ ചുരുളഴിക്കാൻ പോലീസ് ശ്രമിക്കുന്നതിനിടെയാണ് ഇരുവരുടെയും മരണം സംഭവിച്ചത്.