ആലപ്പുഴ: മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ സ്വർണ്ണക്കടത്ത് സംഘത്തെ കുറിച്ച് അന്വേഷിക്കാൻ കസ്റ്റംസ്. കൊച്ചിയിൽ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരാണ് മാന്നാർ സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിക്കുന്നത്. മാന്നാര്‍ പൊലീസില്‍ നിന്ന് കസ്റ്റംസ് വിവരങ്ങളും രേഖകളും ശേഖരിച്ചു. സ്വര്‍ണം കടത്തിയെന്ന് സമ്മതിച്ച ബിന്ദുവിനെ കസ്റ്റംസ് ചോദ്യംചെയ്യും.
അതേസമയം യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മാന്നാര്‍ സ്വദേശി പീറ്ററുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. അക്രമി സംഘത്തിന് സഹായം നല്കിയതും ബിന്ദുവിന്റെ വീട് കാട്ടിക്കൊടുത്തതും പീറ്ററാണ്. സ്വർണക്കടത്ത് സംഘത്തിലെ കാരിയറായ കൊരട്ടിക്കാട് സ്വദേശിനി ബിന്ദു തന്റെ കൈവശമുണ്ടായിരുന്ന ഒന്നരക്കിലോ സ്വർണം മറ്റൊരു സംഘത്തിന് മറിച്ചു കടത്തിയെന്നാണ് സംശയം ഉയർന്നിരിക്കുന്നത്. ഏറ്റവും ഒടുവിൽ ബിന്ദു സ്വർണം കൊണ്ടുവന്നത് നാല് ദിവസം മുമ്പാണ്. ദുബായിൽ നിന്ന് മാലിദ്വീപ് വഴി കേരളത്തിലേക്ക് വന്നപ്പോൾ ഒന്നരക്കിലോ സ്വർണം കൊണ്ടു വന്നതായും പിടിക്കപ്പെടുമെന്നായപ്പോൾ ഇത് വഴിയിൽ ഉപേക്ഷിച്ചതായുമാണ് യുവതി അന്വേഷണസംഘത്തിന് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ പൊലീസ് ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല. ഉപേക്ഷിച്ച സ്വർണം കണ്ടെടുക്കാൻ കഴിയാത്തതും എവിടെ ഉപേക്ഷിച്ചു എന്നത് സംബന്ധിച്ച് ബിന്ദു യാതൊന്നും വെളിപ്പെടുത്താത്തതും ദുരൂഹമായി നിൽക്കുന്നു.
തിങ്കളാഴ്ച പുലർച്ചെ മാന്നാറിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ ബിന്ദുവിനെ രാവിലെ 11 മണിയോടെയാണ് അജ്ഞാതസംഘം പാലക്കാട് വടക്കഞ്ചേരി മുടപ്പല്ലൂരിൽ ഇറക്കിവിട്ട ശേഷം കടന്നുകളയുകയായിരുന്നു. അവശനിലയിലായിരുന്ന ബിന്ദു, പിന്നീട് ആട്ടോറിക്ഷ വിളിച്ചാണ് വടക്കഞ്ചേരി സ്റ്റേഷനിലെത്തിയത്. തുടർന്ന് യുവതിയെ ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സനൽകിയ ശേഷം ചെങ്ങന്നൂരിലേക്ക് കൊണ്ടുപോയി.
യുവതിയെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ പ്രധാനി പൊന്നാനി സ്വദേശി രാജേഷ് ആണെന്ന് പൊലീസ് പറഞ്ഞു. സംഭവ തലേന്ന് രാജേഷ് യുവതിയെ ഭീഷണിപ്പെടുത്തി. ഇയാൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. കൊടുവള്ളി സ്വദേശിയായ ഹനീഫക്ക് വേണ്ടിയാണ് സംഘം സ്വർണം കടത്തിയത്.