മമത ബാനര്‍ജി അഭിഷേകിന്റെ വീട് സന്ദർശിച്ചത് സിബിഐ എത്തുന്നതിന് മുമ്പ്

മമത ബാനര്‍ജി അഭിഷേകിന്റെ വീട് സന്ദർശിച്ചത് സിബിഐ എത്തുന്നതിന് മുമ്പ്

കൊല്‍ക്കത്ത: മരുമകനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് ബാനര്‍ജിയുടെ ഭാര്യയെ സിബിഐ ചോദ്യം ചെയ്യുന്നതിനു തൊട്ടുമുന്‍പായി അവരുടെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി.അഭിഷേകിന്റെ ഭാര്യ രുജിരയെ കല്‍ക്കരി ആരോപണവുമായി ബന്ധപ്പെട്ട് സിബിഐ ചോദ്യം ചെയ്യുന്നതിന് മുന്‍പാണ് മമത അഭിഷേകിന്റെ വീട്ടിലെത്തിയത് .

അപ്രതീക്ഷിതമായിരുന്നു മമതയുടെ സന്ദര്‍ശനം. രുജിരയെ ഇന്ന് സിബിഐ ചോദ്യംചെയ്യുമെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. ഇതില്‍ മരുമകനും കുടുംബത്തിനുമുള്ള തന്റെ പിന്തുണ അറിയിക്കുന്നതിനായാണ് മമത ചൊവ്വാഴ്ച രാവിലെ തന്നെ സന്ദര്‍ശനം നടത്തിയത്. അതെ സമയം മമത തിരികെ പോയി നിമിഷങ്ങള്‍ക്കകം സിബിഐ സംഘം അഭിഷേകിന്റെ വീട്ടിലെത്തുകയും ചെയ്തു. ഉച്ചയ്ക്ക് 1.30ഓടെയാണ് ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കി സിബിഐ സംഘം മടങ്ങിയത്.

കല്‍ക്കരി കളളക്കടത്ത് ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് സിബിഐ രുജിരയ്ക്ക് നോട്ടീസ് നല്‍കിയത്. അഭിഷേകുമായി ബന്ധമുള്ള തൃണമൂല്‍ കോണ്‍ഗ്രസിലെ യുവ നേതാക്കളുടെ വീട്ടില്‍ അടുത്തിടെ സിബിഐ റെയ്ഡ് നടത്തിയിരുന്നു. കല്‍ക്കരി മാഫിയ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സ്ഥിരമായി കൈക്കൂലി നല്‍കിയെന്നാണ് ആരോപണം. പശ്ചിമബംഗാളില്‍ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് കേസില്‍ സിബിഐ അന്വേഷണം ഊർജ്ജിതപ്പെടുത്തിയിരിയ്ക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

Leave A Reply
error: Content is protected !!