കോഴിക്കോട്: ബിജെപിയിൽ ചേരണമെന്ന് അഭ്യർത്ഥിച്ച് കെ.സുരേന്ദ്രൻ തന്നെ വന്നു കണ്ടിരുന്നതായി സിപിഎം നേതാവും കോഴിക്കോട് മുന്‍ മേയറുമായ തോട്ടത്തില്‍ രവീന്ദ്രൻ. എന്നാൽ താൻ ദൈവ വിശ്വാസിയായ കമ്മ്യൂണിസ്റ്റാണെന്ന് കെ സുരേന്ദ്രനെ അറിയിച്ചതായി തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ 52 ലേറെ വർഷങ്ങളായി സി.പി.എം അംഗമായ തനിക്ക് അതിന് കഴിയില്ലെന്ന് തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. തന്റെ വിശ്വാസം കണക്കിലെടുത്താണ് സുരേന്ദ്രൻ തന്നെ ക്ഷണിക്കാൻ വന്നത്. ഒരുദിവസം പെട്ടന്നൊരാൾ വന്നുപറഞ്ഞാൽ മാറാൻ പറ്റില്ല. സൗഹൃദങ്ങൾ വേറെയാണ് ഇത് വേറെയാണെന്നും അദ്ദേഹം പറഞ്ഞു. തോട്ടത്തില്‍ രവീന്ദ്രന് നിലവില്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗമാണ്.വിശ്വാസ കാര്യത്തിലുളള നിലപാട് മുമ്പും തുറന്നു പറഞ്ഞിട്ടുളള തോട്ടത്തില്‍ രവീന്ദ്രന് രണ്ടു വട്ടം ഗരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്
അതേസമയം തോട്ടത്തിൽ രവീന്ദ്രന്റെ വെളിപ്പെടുത്തൽ കെ. സുരേന്ദ്രൻ തള്ളി. നിരവധി പേരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ബി.ജെ.പിയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.