പുണെ: മഹാരാഷ്ട്രയിൽ രോഗികൾ കുതിച്ചുയരുന്നതിനിടെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് 1000ത്തോളം പേരെ പങ്കെടുപ്പിച്ച് മകന്റെ വിവാഹവിരുന്ന് നടത്തിയ ബി.ജെ.പി നേതാവിനെതിരെ കേസ്. മഹാരാഷ്ട്ര ബി.ജെ.പി നേതാവും മുൻ എം.പിയുമായ ധനഞ്ജയ് മഹാദിക്കിനും രണ്ടുപേർക്കെതിരെയുമാണ് കേസെടുത്തത് .
മഹാദികിന്റെ മകന്റെ വിവാഹ വിരുന്നിൽ 1000 ലേറെ പേരാണ് പങ്കെടുത്തത്. പുണെയിലെ ലക്ഷ്മി ലോൺസിലായിരുന്നു വിവാഹം. എൻ.സി.പി നേതാവ് ശരദ് പവാർ, മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഉൾപ്പെടെയുള്ളവർ വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു.
സംസ്ഥാനത്ത് കോവിഡ് ബാധിതർ വർധിക്കുന്ന സാഹചര്യത്തിൽ ആൾക്കൂട്ടത്തിന് വിലക്കേർപ്പെടുത്തുകയും വിവാഹചടങ്ങുകളിൽ 200 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ എന്ന് പ്രദേശിക അധികൃതർ നിർദേശം നൽകുകയും ചെയ്തിരുന്നു.
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചാണ് വിവാഹ വിരുന്ന് സംഘടിപ്പിച്ചതെന്ന് മനസിലായതോടെ ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. മഹാദികിന് പുറമെ ലക്ഷ്മി ലോൺസിന്റെ ഉടമക്കെതിരെയും മാനേജർക്കെതിരെയും പോലീസ് കേസെടുത്തു.
രണ്ടാഴ്ചയായി കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകളിലും നിയന്ത്രണം ശക്തമാക്കിയിരുന്നു. രോഗബാധിതരുടെ എണ്ണം വർധിച്ചാൽ ലോക് ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഈ സംഭവം .