ലാവലിൻ കേസ്: സിപിഎം-ബിജെപി നേതൃത്വങ്ങൾ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവ്: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ലാവലിൻ കേസ് 20 തവണയിലധികമായി മാറ്റിവയ്ക്കുന്നതിൽ ദുരൂഹതയാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടതിയിൽ സിബിഐക്ക് വേണ്ടി അഭിഭാഷകർ ഹാജരാകാതിരിക്കുന്നത് ബോധപൂർവമാണെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താൻ കഴിയുമോ എന്നാണ് പ്രതിപക്ഷ നേതാവിന്റെ ചോദ്യം. സിപിഎം-ബിജെപി നേതൃത്വങ്ങൾ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണിതെന്നും അതാണ് കേസ് നടപടികൾ വൈകുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ലാവ്ലിന് കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഏപ്രില്‍ ആറിലേക്ക് മാറ്റിയിരുന്നു. സിബിഐയുടെ ആവശ്യപ്രകാരമാണ് സുപ്രീം കോടതിയുടെ നടപടി. കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും കേസിന് വേണ്ട രേഖകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കണമെന്നും ആയിരുന്നു സിബിഐയുടെ ആവശ്യം. കേസുമായി ബന്ധപ്പെട്ട് വാദത്തിന് തയാറാണെന്ന നിലപാട് സിബിഐ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സോളിസിറ്റര്‍ ജനറല്‍ സിബിഐക്കായി ഇന്ന് ഹാജരായില്ല. ഇതോടെ അവസാന കേസായി പരിഗണിക്കാന്‍ തയാറാണെന്ന് കോടതി അറിയിച്ചു.
എന്നാല്‍ തിരക്കുകളുള്ളതിനാല്‍ ഇക്കാര്യം സാധിക്കുമോയെന്നതില്‍ സംശയമുണ്ടെന്ന് സിബിഐ അറിയിച്ചു. അതിനാല്‍ കേസ് മാറ്റിവയ്ക്കണമെന്നും സിബി ഐ കോടതിയില്‍ പറഞ്ഞു. ഇതോടെ ഏപ്രില്‍ ആറിന് കേസ് പരിഗണിക്കുന്നതിന് കോടതി തീരുമാനമെടുക്കുകയായിരുന്നു. ഹൈക്കോടതി ഉള്‍പ്പെടെ രണ്ട് കോടതികള്‍ തള്ളിയ കേസ് ആയതിനാല്‍ ശക്തമായ തെളിവുകള്‍ ഉണ്ടെങ്കിലെ കേസില്‍ തുടര്‍വാദം സാധ്യമാകൂ എന്ന് സുപ്രിംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.