വാഷിങ്ടൺ: രണ്ടു കൊല്ലമായി നികുതി റിട്ടേൺ ആവശ്യപ്പെട്ടിട്ടും ഒഴിഞ്ഞുമാറിയ മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെതിരെ കർശന നിലപാടെടുത്ത് യു.എസ് സുപ്രീം കോടതി. വർഷങ്ങളായി സൂക്ഷ്മ പരിശോധനക്ക് കൈമാറാതെ ട്രംപ് കൈവശം വെക്കുന്ന നികുതി റിട്ടേൺ അടിയന്തരമായി ന്യൂയോർക് സിറ്റി പ്രോസിക്യൂട്ടർക്ക് വിട്ടുനൽകണമെന്ന് യു.എസ് കോടതി നിർദേശിച്ചു.
ജനുവരി 20ന് വൈറ്റ്ഹൗസ് വിട്ട ട്രംപിന് ഇനി നിയമ പരിരക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സ്വന്തം പേ രിലുള്ള സ്ഥാപനങ്ങളുടെ സാമ്പത്തിക ക്രമക്കേടുകൾ ഇതോടെ പുറത്തുവരുമെന്ന് ട്രംപ് ഭയക്കുന്നു. മൻഹാട്ടൻ ജില്ലാ അറ്റോണി സൈറസ് വാൻസ് ജൂനിയർ, സ്റ്റേറ്റ് അറ്റോണി ജനറൽ ലെറ്റീഷ്യ ജെയിംസ് എന്നിവരാണ് ട്രംപിന്റെ സാമ്പത്തിക ക്രമക്കേടുകൾ പരിശോധിക്കുന്നത്.
അതെ സമയം കാപിറ്റോളിൽ അതിക്രമങ്ങൾക്ക് ആഹ്വാനം ചെയ്ത സംഭവത്തിന് പുറമെ ജോർജിയ സംസ്ഥാനത്ത് പൊതു തെരഞ്ഞെടുപ്പിനിടെ ഫലം അട്ടിമറിക്കാൻ ട്രംപിൻറെ പങ്കാളിത്തത്തെ തുടർന്നുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്. നികുതി റിട്ടേണുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറുന്നതിൽ ട്രംപ് കാണിച്ചുവരുന്ന പിശുക്ക് യു.എസ് രാഷ്ട്രീയത്തിൽ ഏറെയായുള്ള ചർച്ചാ വിഷയമാണ്. 2016ൽ പ്രസിഡൻറാകും മുമ്പ് ഇത് ട്രംപ് പിടിച്ചുവെച്ചിരിക്കുകയാണ്.
കടുത്ത സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടി നികുതിയൊടുക്കാതെ ട്രംപ് ഒഴിഞ്ഞുമാറുന്നതിന്റെ ഞെട്ടിക്കുന്ന കണക്കുകൾ അടുത്തിടെ ന്യൂയോർക് ടൈംസ് പുറത്തുവിട്ടിരുന്നു. 2016ലും 2017ലുമായി 750 ഡോളർ മാത്രമാണ് ട്രംപ് നികുതിയൊടുക്കിയിരുന്നത്.